മരോട്ടിച്ചാൽ കള്ളായി പ്ലാവീടൻ മനോജ്, നിമിഷ ദമ്പതികളുടെ ഒറ്റമുറി ഷെഡ് കലക്ടർ എസ് ഷാനവാസ് സന്ദർശിച്ചു.
നിമിഷയ്ക്ക് പുതിയ അന്ത്യോദയ റേഷൻ കാർഡ് കൈമാറിയ കലക്ടർ കുട്ടികൾക്ക് പഠനോപകരണങ്ങളും പുതുവസ്ത്രങ്ങളും നൽകി. പട്ടയം, വഴി പ്രശ്നം എന്നിവ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു. കുട്ടികളുടെ ഓൺലൈൻ പഠന സാഹചര്യത്തെക്കുറിച്ചും പുതിയ വീട് നിർമാണത്തെക്കുറിച്ചുമെല്ലാം ചോദിച്ചറിഞ്ഞ കലക്ടർ ഇവർക്ക് എല്ലാവിധ സഹായവും ഉറപ്പുനൽകി.
മനോജിൻ്റെയും കുടുംബത്തിൻ്റെയും ദയനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ട
റവന്യൂ മന്ത്രി കെ രാജൻ്റെ നിർദ്ദേശപ്രകാരമായായിരുന്നു അടിയന്തരമായി ഇവരുടെ എപിഎൽ റേഷൻ കാർഡ് അന്ത്യോദയ കാർഡാക്കി മാറ്റി നൽകിയത്. ഇവരുടെ ഒറ്റമുറി ഷെഡും നാലു മക്കൾക്കും മതിയായ ഓൺലൈൻ പഠന സാഹചര്യമില്ലാത്തതും പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞ് നിരവധി പേരാണ് ഇവർക്ക് സഹായവുമായി എത്തിയിരുന്നത്.
സമാനമായി പ്രദേശത്ത് നിരവധി പാവപ്പെട്ടവർക്ക് എ പി എൽ കാർഡ് മാറ്റാൻ കഴിയാത്ത അവസ്ഥയുണ്ടെന്ന് മനസിലാക്കിയ കലക്ടർ ഇക്കാര്യം പ്രത്യേകം പരിശോധിക്കാൻ ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം നൽകി.
പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഉണ്ണികൃഷ്ണൻ, ജില്ലാ സപ്ലൈ ഓഫീസർ ടി അയ്യപ്പദാസ്, താലൂക്ക് സപ്ലൈ ഓഫീസർ സാബു പോൾ തട്ടിൽ, വില്ലേജ് ഓഫീസർ സി ജെ വിൽസൺ, അസി. കലക്ടർ സുസിയാൻ മുഹമ്മദ്, ജനപ്രതിനിധികൾ എന്നിവരും കലക്ടർക്കൊപ്പമുണ്ടായിരുന്നു.