തിരുവനന്തപുരം : സംസ്ഥാനത്തു ശനിയാഴ്ചകളിലെ സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കി.
കടകളും വ്യാപാര സ്ഥാപനങ്ങളും ഞായർ ഒഴികെ ആഴ്ചയിൽ 6 ദിവസവും രാവിലെ 7 മുതൽ രാത്രി 9 വരെ തുറക്കാൻ അനുമതി നൽകും. ഇനി മുതൽ ഞായറാഴ്ചകളിൽ മാത്രമേ ലോക്ഡൗൺ ഉണ്ടാകൂ.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇളവുകൾ നൽകാൻ തീരുമാനിച്ചത്. വിശദാംശങ്ങൾ ഇന്നു നിയമസഭയിൽ ആരോഗ്യമന്ത്രി പ്രഖ്യാപിക്കും. നാളെ മുതലാണ് ഇളവുകൾ നിലവിൽ വരിക. ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കും.
നിലവിലെ ലോക്ഡൗൺ രീതി അടിമുടി മാറും. കോവിഡ് സ്ഥിരീകരണ നിരക്കിന്റെ (ടിപിആർ) അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ തീരുമാനിക്കുന്ന രീതിക്കു പകരം ഓരോ മേഖലയിലും കഴിഞ്ഞ 7 ദിവസത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിന് അനുസരിച്ച് ആയിരിക്കും മൈക്രോ കണ്ടെയ്ൻമെന്റ് സോൺ തീരുമാനിക്കുക. രോഗികൾ കൂടുതലുള്ള പ്രദേശങ്ങൾ പൂർണമായി അടച്ചിടാനാണ്
സർക്കാർ തീരുമാനം.നിയന്ത്രണം ഓരോ ജില്ലയിലും 7–8 സ്ഥലങ്ങളിൽ മാത്രമായിരിക്കും.ജനസംഖ്യയുടെ ഒരു ശതമാനത്തിൽ കൂടുതൽ കോവിഡ് ബാധിതരുള്ള തദ്ദേശ സ്ഥാപനങ്ങളിൽ കർശന നിയന്ത്രണങ്ങളുണ്ടാകും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളേ അനുവദിക്കൂ. ക്ലസ്റ്റർ അടിസ്ഥാനത്തിൽ നിയന്ത്രണം വരുന്നതോടെ ഓരോ ജില്ലയിലും ഏഴോ എട്ടോ പ്രദേശങ്ങളാകും പൂർണമായും അടച്ചിടേണ്ടി വരികയെന്നു സൂചനയുണ്ട്.
മറ്റു പ്രദേശങ്ങളിൽ കടകളും വ്യാപാര സ്ഥാപനങ്ങളും മറ്റും പ്രവർത്തിക്കാം. എന്നാൽ പൊതുസ്ഥലങ്ങളിലും കടകളിലും നിയന്ത്രണം വരും. ഒരു ഡോസ് വാക്സീൻ എങ്കിലും സ്വീകരിച്ചവർ, കോവിഡ് ഭേദമായവർ, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ തുടങ്ങിയവർക്കായി പ്രവേശനം പരിമിതപ്പെടുത്താനാണ് ആലോചന.