വൈക്കം: കെഎസ്ആർടിസി ബസിൽ യാത്രക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തിൽ കണ്ടക്ടറെ പിരിച്ചുവിട്ടു. വൈക്കം ഡിപ്പോ കണ്ടക്ടർ പി. പി അനിലിനെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. യാത്രക്കാരിക്ക് ടിക്കറ്റ് നൽകുന്ന സമയത്ത് അനിൽ അപമര്യാദയായി പെരുമാറിയെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് നടപടി.
ടിക്കറ്റ് നൽകുന്ന സമയത്ത് അനിൽ യുവതിയുടെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചെന്നാണ് പരാതി. കണ്ടക്ടറുടെ പ്രവൃത്തി കോർപറേഷന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും അന്വേഷണത്തിൽ വിലയിരുത്തി. സംഭവത്തെ കുറിച്ച് അനിലിനോട് വിശദീകരണം തേടിയിരുന്നെങ്കിലും അതുണ്ടാകാത്ത സാഹചര്യത്തിലാണ് നടപടി.കഴിഞ്ഞ നവംബർ 25 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാരിയോട് പ്രതി അപമര്യാദയായി പെരുമാറുകയായിരുന്നു.അന്ന് തന്നെ പെൺകുട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അനിലിനെ കെഎസ്ആർടിസി സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഇതിനുപിന്നാലെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ട് കെഎസ്ആർടിസി എക്‌സിക്യുട്ടീവ് ഡയറക്ടർ ഉത്തരവിറക്കിയത്. അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസറുടെ നിർദേശപ്രകാരമാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്.