തിരുവനന്തപുരം: സ്വകാര്യ മൊബൈല്‍ സേവനദാതാക്കള്‍ ഫൈവ് ജി വേഗത്തിലേക്ക് ചുവടു മാറുമ്ബോഴും ഫോര്‍ ജി പരീക്ഷണയോട്ടം പോലും നടത്താനാകതെ ബി.എസ്.എന്‍.എല്‍.
ആഗസ്റ്റ് 15 ഓടെ നാല് നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഫോര്‍ ജി ഏര്‍പ്പെടുത്തുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും അത് നടന്നില്ല. സാങ്കേതിക വിദ്യയും ഉപകരണങ്ങളും വിതരണം ചെയ്യാന്‍ ചുമതലയേറ്റ കമ്ബനി തങ്ങളുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാതായതോടെയാണ് കാര്യങ്ങള്‍ പാതിവഴിയില്‍ നിലച്ചത്. ഇതോടെ തിരുവനന്തപുരത്ത് 270ഉം എറണാകുളത്ത് 200ഉം കോഴിക്കോട് 126ഉം കണ്ണൂരില്‍ 100 ഉം അടക്കം 796 ടവറുകള്‍ ഫോര്‍ ജിയിലേക്ക് മാറ്റലും അനിശ്ചിതത്വത്തിലായി. ഇന്ത്യന്‍ കമ്ബനികളില്‍നിന്ന് മാത്രമേ സാങ്കേതിക സംവിധാനങ്ങള്‍ വാങ്ങാവൂ എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ബി.എസ്.എന്‍.എല്ലിന് മുന്നില്‍വെച്ച നിബന്ധന.
ആഗസ്റ്റില്‍ ഫോര്‍ ജിയിലേക്ക് മാറുമെന്ന ധാരണയില്‍ ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്ക് ഫോര്‍ ജി സിമ്മുകള്‍ വിതരണം ചെയ്തിരുന്നു. സങ്കേതിക ക്രമീകരണങ്ങള്‍ പൂര്‍ത്തിയാവാഞ്ഞതോടെ ഇതും വെറുതെയായി. ഫോര്‍ ജി സേവനം ആവശ്യപ്പെട്ട് കഴിഞ്ഞ ആറു വര്‍ഷമായി ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ പ്രക്ഷോഭത്തിലാണ്. 2019 ല്‍ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ബി.എസ്.എന്‍.എല്ലിന് ഫോര്‍ ജി സ്പെക്‌ട്രം അനുവദിച്ചെങ്കിലും ഉപകരണങ്ങള്‍ വാങ്ങാന്‍ അനുവദിക്കാതെ കേന്ദ്രം തടസ്സം സൃഷ്ടിച്ചിരുന്നു. വിദേശ ഉപകരണങ്ങള്‍ ഉപയോഗിക്കരുത് എന്നതായിരുന്നു കേന്ദ്ര നിബന്ധന.
ഇന്ത്യന്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് മാത്രമേ സേവനം ആരംഭിക്കാന്‍ കഴിയൂ എന്ന കേന്ദ്ര നിലപാടിനെ തുടര്‍ന്ന് ആരംഭിച്ച ടെന്‍ഡര്‍ നടപടികള്‍ റദ്ദു ചെയ്യേണ്ടി വന്നു. ജീവനക്കാരുടെ ഉപഭോക്താക്കളുടെയും ആവശ്യം ശക്തമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ കമ്ബനിയെ ഫോര്‍ ജി വികസിപ്പിക്കാനും ഉപകരണം ലഭ്യമാക്കാനും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സേവനം വിപുലീകരിക്കാനുള്ള ബി.എസ്.എന്‍.എല്ലിന്‍റെ നീക്കത്തെ ഫോര്‍ ജി സ്പെക്‌ട്രം നിഷേധിച്ച് തടസ്സപ്പെടുത്തുകയാണെന്നാണ് ജീവനക്കാരുടെ ആരോപണം. കേന്ദ്ര ഇടപെടലുകളാണ് ഇപ്പോഴത്തെയും അനിശ്ചിതാവസ്ഥക്ക് കാരണം. ബി.എസ്.എന്‍.എല്ലിന്‍റെ അഭാവത്തില്‍ മറ്റു സ്വകാര്യ കമ്ബനികള്‍ ഫോര്‍ ജി ഡേറ്റ വിപണി പിടിച്ചെടുത്തിരുന്നു. അവര്‍ ഫൈവ് ജിയിലേക്ക് പോകുമ്ബോഴും ബി.എസ്.എന്‍.എല്ലിന് അവസരം നിഷേധിക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.