ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അടക്കമുള്ള 13 പേര്‍ക്കും ആദരാഞ്ജലി അർപ്പിച്ച് രാജ്യം. ദില്ലിയിലെ പാലം വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും സൈനിക മേധാവിമാരും ആദരാഞ്ജലി അർപ്പിച്ചു. 9 മണിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യം അന്തിമോപചാരം അർപ്പിച്ചത്. തുടര്‍ന്ന് സൈനികരുടെ കുടുംബാംഗങ്ങളെ കണ്ട് അനുശോചനം അറിയിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ സൂപ്പർ ഹെർക്കുലീസ് ട്രാൻസ്പോർട്ട് വിമാനത്തിലാണ് 13 മൃതദേഹങ്ങളും സുലൂരിൽ നിന്ന് ദില്ലിയിലേക്ക് കൊണ്ടുവന്നത്.
ജനറൽ ബിപിൻ റാവത്തിൻറയും ഭാര്യയുടെയും മൃതദേഹങ്ങൾ പൊതുദർശനത്തിനും വിലാപയാത്രയ്ക്കും ശേഷം സൈനിക ബഹുമതികളോടെ നാളെ വൈകിട്ട് സംസ്കരിക്കും. മറ്റുള്ളവരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ ബന്ധുക്കൾക്ക് വിട്ടുനൽകുകയുള്ളൂ.