തനിക്കെതിരെ അതിരുവിട്ട അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നടി ഹണി റോസ് തുറന്ന യുദ്ധം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടിക്കെതിരെ നിരന്തരം ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന്റെ പേരിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരുമെന്നാണ് ഏറ്റവും പുതിയ വിവരം. ഇന്നലെ കോടതിയിൽ ഹാജരാക്കിയ ബോബി ചെമ്മണ്ണൂറിനെ 14 ദിവസത്തേക്ക് റിമാൻഡ്ചെയ്തിരുന്നു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെ ഇന്ന്ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.
താൻ നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ നിലനിൽക്കുന്നതല്ലെന്നും ഇന്ന് കോടതിയിൽ വാദിച്ച ബോബി, ഇന്നലെ മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നും കോടതിയെ അറിയിച്ചു.
എന്നാൽ അടിയന്തരമായി ഹർജി പരിഗണിക്കേണ്ട എന്ത് സാഹചര്യം ആണുള്ളതെന്ന് ചോദിച്ച ഹൈക്കോടതി, പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്നും ആരാഞ്ഞു. സമാന പരാമർശങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂർ ഉറപ്പു നൽകാമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. മറുപടി പറയാൻ സർക്കാരിന് സമയം നൽകിയ കോടതി ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.