വൈദ്യുതി വിതരണത്തിന് അധികാരമുള്ള ഏക തദ്ദേശ സ്ഥാപനമായ തൃശൂർ കോർപ്പറേഷനു കീഴിലുള്ള വൈദ്യുതി വിഭാഗത്തെ, മേയർ ചെയർമാനായി തൃശൂർ കോർപ്പറേഷൻ ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെൻറ് ലിമിറ്റഡ് എന്ന കമ്പനി രൂപവൽക്കരിക്കാൻ കരട് രേഖ തയ്യാറാക്കി. കമ്പനിയാക്കുന്ന നീക്കത്തിന്റെ ആദ്യപടിയായി മേയർ തയ്യാറാക്കിയ ഡ്രാഫ്റ്റ് കോർപ്പറേഷൻ വൈദ്യുതി വിഭാഗം അസി. സെക്രട്ടറിക്ക് കൈമാറി. അടുത്ത സ്റ്റിയറിങ് കമ്മിറ്റിയിൽ ഈ വിഷയം അജണ്ടയായി വെയ്ക്കാൻ ഡ്രാഫ്റ്റിൽ മേയർ കുറിപ്പ് നൽകിയിട്ടുണ്ട്. പാര്‍ട്ടി നേതൃത്വവുമായി കൂടിയാലോചിക്കാതെയുളള ഈ നീക്കത്തില്‍ സിപിഎം കടുത്ത അതൃപ്തിയിലാണ്. ഇത്തരമൊരു കാര്യം അറിയില്ലെന്നും സിപിഎമ്മുമായി കൂടിയാലോചിക്കാതെയുളള മേയറുടെ നടപടി നടപ്പാക്കില്ലെന്നും ജില്ല നേതൃത്വം അറിയിച്ചു.