തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിൽ പ്രതിയെ തിരിച്ചറിഞ്ഞെന്ന് അന്വേഷണസംഘം. പ്രതി എന്ന് സംശയിക്കുന്ന യുവാവ് നിരീക്ഷണത്തിലാണ്. ഇനി കണ്ടെത്തേണ്ടത് ബോംബ് നിർമ്മിച്ച സ്ഥലം മാത്രമാണെന്നുമാണ് റിപ്പോർട്ട്. ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. റിപ്പോർട്ടർ, മീഡിയ വൺ ചാനലുകളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ കൂടാതെ ഇയാൾക്ക് സഹായങ്ങൾ ചെയ്ത് നൽകിയവരും നിരീക്ഷണത്തിലാണെന്നാണ് വിവരം. പ്രതി വിദേശത്ത് കടന്നതായും അന്വേഷണ സംഘത്തിന് സംശയമുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം പ്രതിയുടെയും സഹായികളുടെയും അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും.
എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും, മുഴുവൻ തെളിവുകലും ശേഖരിച്ച ശേഷം മതി അറസ്റ്റ് എന്ന് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.