കൊളംബോ ∙ തെളിഞ്ഞ ആകാശം, ഫ്ലാറ്റ് പിച്ച്, സ്വിങ് കണ്ടെത്താൻ കഷ്ടപ്പെടുന്ന പാക്കിസ്ഥാൻ ബോളർമാർ; ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇതിലും മികച്ച സാഹചര്യങ്ങൾ ഇന്ത്യൻ ബാറ്റർമാർക്കു വേറെ ലഭിച്ചേക്കില്ല. പക്ഷേ, ഇന്ത്യൻ ടീമിന്റെയും ആരാധകരുടെയും മുഖത്തെ സന്തോഷത്തിന് 24.1 ഓവർ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ.
മഴ മൂലം കളി നടത്താൻ പറ്റാത്ത സാഹചര്യത്തിൽ ഏഷ്യാ കപ്പ് സൂപ്പർ ഫോർ റൗണ്ടിലെ ഇന്ത്യ– പാക്ക് മത്സരം റിസർവ് ദിവസമായ ഇന്നത്തേക്കു മാറ്റി.24.1 ഓവറിൽ 2ന് 147 എന്ന നിലയിൽ ഇന്ത്യ നിൽക്കുമ്പോഴായിരുന്നു മഴ തുടങ്ങിയത്. വിരാട് കോലിയും (8 നോട്ടൗട്ട് ), കെ.എൽ.രാഹുലുമാണ് (17 നോട്ടൗട്ട്) ക്രീസിൽ. 4 മണിക്കൂറോളം കാത്തിട്ടും മഴ മാറാതെ വന്നതോടെയാണ് മത്സരം മാറ്റിവച്ചത്. ഇന്നലെ നിർത്തിയ അതേ സ്കോറിൽ ഇന്ന് മത്സരം പുനരാരംഭിക്കും. ഓവർ വെട്ടിച്ചുരുക്കില്ല. ഇരു ടീമുകൾക്കും 50 ഓവർ വീതം ലഭിക്കും.
നേരത്തേ, ഗ്രൂപ്പ് റൗണ്ടിലെ ഇന്ത്യ– പാക്ക് മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെയാണ് സൂപ്പർ ഫോർ മത്സരത്തിന് റിസർവ് ഡേ ഏർപ്പെടുത്താൻ തീരുമാനിച്ചത്.
ഗാലറിയിൽ ആളില്ല.
തുടർച്ചയായി രണ്ടാം തവണയും ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിന് കാണികളില്ല. ഇന്നലെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് പകുതിയോളം സീറ്റുകളും കാലിയായിരുന്നു. നേരത്തെ ഇന്ത്യ– പാക്ക് ഗ്രൂപ്പ് മത്സരത്തിലും സ്റ്റേഡിയം ഒഴിഞ്ഞുകിടക്കുകയായിരുന്നു. കാണികളെ ആകർഷിക്കുന്നതിനായി മത്സരത്തിന്റെ ടിക്കറ്റ് റേറ്റ് ഉൾപ്പെടെ കുറച്ചിരുന്നു.