അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിൻറെ തീയതികൾ ഇന്ന് പ്രഖ്യാപിക്കും. രാജസ്ഥാൻ , മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ഉച്ചയ്ക്ക് 12 ന് വാർത്താസമ്മേളനം നടത്തും. നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ, പോളിംഗ് ദിവസങ്ങൾ, ഫലപ്രഖ്യാപനം തുടങ്ങി തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിലേക്കുള്ള തീയതികൾ പ്രഖ്യാപനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദമാക്കും.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കങ്ങളും സുരക്ഷയും വിലയിരുത്തിയിരുന്നു. ഛത്തീസ്ഗഡിൽ രണ്ട് ഘട്ടമായും ബാക്കി സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായും തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. ഡിസംബർ പകുതിയോടെ മുഴുവൻ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പൂർത്തിയാകും. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനെ മുന്നണികൾ പ്രാധാന്യത്തോടെയാണ് നോക്കികാണുന്നത്.