Spread the love

ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് നടി നിഷ സാരംഗ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. തന്റെ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധിയെക്കുറിച്ച് മുമ്പ് നടി തന്നെ പറഞ്ഞിട്ടുണ്ട്. ആദ്യ വിവാഹവും ആ ജീവിതം പരാജയപ്പെട്ടതിനുള്ള കാരണവും വരെ അവര്‍ തുറന്ന് പറഞ്ഞിരുന്നു.

ഇപ്പോഴിതാ വീണ്ടും ഒരു വിവാഹത്തിന് സമ്മതമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിഷ സാരംഗ്. അന്‍പത് വയസ്സുവരെയുള്ള ജീവിതം മക്കള്‍ക്കു വേണ്ടിയുള്ളതായിരുന്നു. അത് കഴിഞ്ഞ് സ്വയം ശ്രദ്ധിക്കാന്‍ തുടങ്ങും എന്ന് മക്കളോട് നേരത്തെ തന്നെ പറഞ്ഞുവച്ചിട്ടുള്ള കാര്യമാണ്. ഇപ്പോള്‍ കല്യാണം കഴിക്കാമെന്ന് തോന്നിതുടങ്ങിയിട്ടുണ്ട്.

യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. കുട്ടികള്‍ വലുതായി കഴിയുമ്പോള്‍ അവര്‍ നമ്മുടെ കാറ്റഗറിയല്ല, നമ്മള്‍ പറയുന്നത് അവര്‍ക്ക് മനസിലാകണമെന്നില്ല, അവര്‍ അംഗീകരിക്കണമെന്നില്ല, അപ്പോള്‍ നമ്മളെ കേള്‍ക്കാനും നമ്മുക്ക് മിണ്ടാനും ഒരാള് വേണമെന്ന് തോന്നും. അന്‍പത് വയസ്സ് വരെ നിങ്ങള്‍ക്കു വേണ്ടിയുള്ള ജീവിതമായിരുന്നു. അതുകഴിഞ്ഞാല്‍ എനിക്കുള്ള ജീവിതമാണ്. എനിക്കിഷ്ടമുള്ളതൊക്കെ ഞാന്‍ ചെയ്യും, വേണ്ടെന്ന് പറയരുത് എന്ന് മക്കളോട് നേരത്തെ പറഞ്ഞിരുന്നു.

തിരക്കിനിടയില്‍ എന്റെ കാര്യങ്ങള്‍ പങ്കുവെയ്‌ക്കാന്‍ ഒരു സുഹൃത്തോ പങ്കാളിയോ ആവശ്യമാണ്. ഷൂട്ടിങ്ങ് കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ വീട്ടില്‍ നമ്മളെ കേള്‍ക്കാന്‍ ആളില്ലെങ്കില്‍ നമ്മുടെ മനസ് തന്നെ മാറിപ്പോകും. ഞാന്‍ ജീവിതം ആസ്വദിച്ചു തുടങ്ങിയിരിക്കുകയാണ്. കല്യാണം കഴിക്കാമെന്ന് തോന്നിതുടങ്ങിയിട്ടുണ്ട് – എന്നാണ് നിഷ പറയുന്നത്.

അമ്മയെ സ്നേഹിക്കുന്ന, അമ്മയെ നോക്കുന്ന, പണവും പ്രശസ്തിയും പ്രതീക്ഷിക്കാത്ത ഒരാള്‍ വരുകയാണെങ്കില്‍ സ്വീകരിക്കും. അമ്മയ്‌ക്ക് ആളുകളെ മനസ്സിലാക്കാന്‍ അറിയില്ല. മണ്ടത്തരം ചെയ്യരുത് എന്ന് മാത്രമാണ് പറയാനുള്ളതെന്നാണ് നിഷയുടെ മകൾ മഞ്ജു പറയുന്നത്.

Leave a Reply