Spread the love

അതിജീവനത്തിന്റെ, പ്രതീക്ഷയുടെ തിരുവോണ ദിനം വന്നെത്തി ;കരുതലോടെ ഓണം ആഘോഷിക്കാൻ മലയാളികൾ.

……………………
ഇന്ന് തിരുവോണം. പ്രോട്ടോക്കോൾ നിയന്ത്രണങ്ങൾക്കെല്ലാം ഇടയിലും പൊലിമ കുറയാതെ ഉള്ളതുകൊണ്ട് തിരുവോണം തീർക്കുകയാണ് മലയാളികൾ. ഇത്തവണയും കൊവിഡ് പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങളില്ല. എങ്കിലും, വീട്ടകങ്ങളിലെ ആഘോഷങ്ങൾക്ക് കുറവില്ല.മഹാമാരിയുടെ പിടിയിൽ നിന്ന് തിരിച്ചുവരുന്ന മലയാളിക്ക് അതിജീവനത്തിന്റേതാണ് ഈ തിരുവോണപ്പുലരി. പൂവിളിയും പുലിയിറക്കവും പൂക്കളമത്സരവും പന്തുകളിയും ജലമേളകളും ഇത്തവണയും ഉണ്ടായില്ല. സ്കൂൾ മുറ്റത്തെ മിഠായി പെറുക്കലും കാമ്പസ് യൂണിയൻ ഓണാഘോഷത്തിലെ കമ്പവലിയുടെ ആവേശപ്പെരുക്കവും ഉണ്ടായില്ല. എങ്കിലും പ്രതീക്ഷയോടെ നാം ഓണത്തെ വരവേറ്റു. ഇത്തവണ കൂടി ‘സോപ്പിട്ട്’, ‘മാസ്കിട്ട്’, ‘ജാഗ്രതയോടെ ഈ ഓണം ആഘോക്ഷിക്കാം.
മലയാളിയെ മലയാളിയായിത്തന്നെ നിലനിർത്തുന്ന വളരെ ചുരുക്കം ചില ആഘോഷങ്ങളിൽ ഒന്നാണ് ഓണം. ജാതിയുടെയോ മതത്തിന്റെയോ അതിർവരമ്പുകളില്ലാത്ത ഒരു ആഘോഷം. രാജകീയമായ ആഘോഷങ്ങൾക്ക് പേരുകേട്ട നഗരമാണ് തിരുവനന്തപുരം. എന്നാൽ കഴിഞ്ഞ കുറച്ചുകാലങ്ങളായി മലയാളിയെ വിട്ടൊഴിയാതെ ഒന്നിന് പുറകെ ഒന്നായി വന്നെത്തുന്ന ദുരന്തങ്ങൾ അതിന്റെ മാറ്റ് കുറച്ചിരിക്കുകയാണ്. വർണ്ണാഭമായ ഓണാഘോഷങ്ങളും കമ്പോളങ്ങളിലെ തിരക്കുകളും മറ്റും ഓർമ്മയിൽ നിന്നും മാഞ്ഞുതുടങ്ങിയിരിക്കുന്നു. 2018ലും 19ലും ഓണം പ്രളയത്തിൽ മുങ്ങിയപ്പോൾ 2020ൽ കോവിഡിന്റെ വരവാണ് മലയാളികളെ ഓണം ആഘോഷിക്കുന്നതിൽ നിന്നും പിന്നോട്ടുവലിച്ചത്. ഇക്കൊല്ലവും സ്ഥിതി മറ്റൊന്നല്ല. കോവിഡ് അതിന്റെ പാരമ്യതയിൽ നിൽക്കുന്ന സമയമാണിത്. കോവിഡ് കാരണം ഇപ്പോൾ പൊതു ഇടങ്ങളിലെ ആഘോഷങ്ങളെല്ലാം നമുക്ക് അന്യമായിക്കൊണ്ടിരിക്കുകയാണ്.
കേരളത്തിലെ വാസ്തുശില്പകലയുടെ ചാരുത വിളിച്ചറിയിക്കുന്ന കൊട്ടാരമാണ് കനകക്കുന്ന് കൊട്ടാരം. തിരുവനന്തപുരത്തെ നൃത്ത, സംഗീത, സിനിമ മേളകളുടെ ഒരു പ്രധാന വേദിയാണ് കനകക്കുന്ന് കൊട്ടാരത്തിലെ ‘നിശാഗന്ധി’ ഓഡിറ്റോറിയം. ഓണത്തോടനുബന്ധിച്ച് പുഷ്പമേള, ഓണം വാരാഘോഷം മുതലായവ സംഘടിപ്പിക്കുന്നതും കനകക്കുന്ന് കൊട്ടാരത്തിന്റെ പരിസരത്തുള്ള പാർക്കിലാണ്. ഇവിടെ ഓണകാഴ്ചകൾ കാണാൻ തടിച്ചുകൂടുന്നവർക്ക് കണക്കുണ്ടായിരുന്നില്ല. ഓണത്തോടനുബന്ധിച്ച് സർക്കാർ ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും കടുത്ത ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്. വരും വർഷങ്ങളിൽ കോവിഡ് മഹാമാരിയിൽ നിന്ന് ലോകം മുക്തി നേടി ഇനിയും പൊതു ഇടങ്ങളിലെ ഇത്തരം പ്രൗഢഗംഭീരമായ ആഘോഷങ്ങൾ നടക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതിനൊപ്പം കൂടുതൽ കരുതലും ജാഗ്രതയും പുലർത്തി ഈ ഓണക്കാലവും സന്തോഷം നിറഞ്ഞതാക്കാം.

Leave a Reply