ആലപ്പുഴ: കാത് തുളയ്ക്കുന്ന ഹോൺമുഴക്കി റോഡിലൂടെ ചീറിപ്പായുന്നവർ ഇനി 24 മണിക്കൂറും നീരീക്ഷണത്തിലായിരിക്കും. അതിശബ്ദമുള്ള ഹോണുകൾ പിടികൂടാൻ ഓപ്പേറേഷൻ ഡെസിബലുമായി മോട്ടോർവാഹന വകുപ്പിന്റെ സ്പെഷ്യൽ സ്ക്വാഡുകൾ ബുധനാഴ്ച മുതലിറങ്ങും.
വാഹനങ്ങളിലെ നിർമിത ഹോണുകൾമാറ്റി പലരും ഉയർന്ന ശബ്ദമുണ്ടാക്കുന്നവ പിടിപ്പിക്കാറുണ്ട്. ഇതു വ്യാപകമാകുന്നതായി വകുപ്പിനും കമ്മിഷണർക്കും മന്ത്രിക്കുമെല്ലാം ഒട്ടേറേ പരാതികളാണു ലഭിക്കുന്നത്. തിരുവനന്തപുരത്തും എറണാകുളത്തുമാണ് പരാതികൾ കൂടുതൽ. ഈ പശ്ചാത്തലത്തിലാണ് ഓപ്പറേഷൻ ഡെസിബെൽ തുടങ്ങുന്നത്.
മുഴക്കിയില്ലെങ്കിലും സംശയം തോന്നുന്ന വാഹനങ്ങളുടെ ഹോണുകൾ പരിശോധിക്കും. പാർക്കിങ്ങിനു കാര്യമായ ഇടമുള്ള റോഡുകളിലാകും പരിശോധന.
നാഷണൽ െപർമിറ്റ് വാഹനങ്ങളിലാണ് ഹോണുകൾ വ്യാപകമായി മാറ്റിവെക്കുന്നതെന്നാണു വിലയിരുത്തൽ. അതിശബ്ദമുള്ളവ കണ്ടെത്തിയാൽ രണ്ടായിരം രൂപയാണു പിഴ.
മറ്റുവാഹനങ്ങളുടെ ഡ്രൈവർമാരെ ഞെട്ടിക്കുന്ന തരത്തിലാണു ചില ഹോണുകളുടെ ശബ്ദം. പ്രത്യേകിച്ച് ഇരുചക്രവാഹനയാത്രക്കാരെ. പിന്നിൽനിന്നുള്ള ഹോണടികേട്ട് ഇവർ അപകടത്തിൽപ്പെടാനുള്ള സാധ്യതയുമുണ്ട്. തുടർച്ചയായി ഉച്ചത്തിലുള്ള ശബ്ദം മാനസിക സമ്മർദമുണ്ടാക്കുകയും ചെയ്യും.
⭕️ശബ്ദപരിധി ഇങ്ങനെ:
ശബ്ദം അളക്കുന്ന യൂണിറ്റാണ് ഡെസിബൽ. ഇരുചക്രവാഹനങ്ങൾക്ക് 80 ഡെസിബെലാണു ശബ്ദപരിധി. കാറുകൾക്കും പെട്രോളിൽ പ്രവർത്തിക്കുന്ന മുച്ചക്രവാഹനങ്ങൾക്കും 82 ഡെസിബെൽ. 4,000 കിലോക്കു താഴെയുള്ള ഡീസൽ, പാസഞ്ചർ അല്ലെങ്കിൽ ലഘുവ്യാവസായിക വാഹനങ്ങൾക്ക് 85 ഡെസിബെൽ. 4.000-12,000 കിലോക്ക് ഇടയിൽ ഭാരമുള്ള യാത്രാ/വ്യാവസായിക വാഹനങ്ങൾക്ക് 89 ഡെസിബെൽ എന്നിങ്ങനെയാണു പരിധി.