
പാറശ്ശാലയില്‍ വിഷ പാനീയം ഉള്ളില്‍ച്ചെന്ന് റേഡിയോളജി വിദ്യാര്‍ഥി ഷാരോണ്‍ മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത. ഷാരോണും ആരോപണ വിധേയയായ
പെണ്‍കുട്ടിയും രഹസ്യമായി വിവാഹം കഴിച്ചിരുന്നുവെന്നും തങ്ങളുടെ വീട്ടില്‍ നിന്നാണ് താലികെട്ടിയതെന്നും ഷാരോണിന്റെ സഹോദരന്‍ ഷീമോണ്‍
രാജ് പറഞ്ഞു. ഇതിന് ശേഷം എല്ലാ ദിവസവും വൈകുന്നേരം നെറ്റിയില്‍ കുങ്കുമം ചാര്‍ത്തിയുള്ള ഫോട്ടോ ഷാരോണിന് അയച്ചുകൊടുക്കുമായിരുന്നു.
മറ്റൊരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞ ശേഷവും പെണ്‍കുട്ടി പറഞ്ഞിട്ടാണ് ബന്ധം തുടര്‍ന്നതെന്നും നവംബറിന് ശേഷം ഇറങ്ങിപ്പോരാമെന്ന്
ഷാരോണിനോട് പെണ്‍കുട്ടി പറഞ്ഞിരുന്നതായും കുടുംബം ചൂണ്ടിക്കാട്ടുന്നു.
ഈ മാസം 25നാണ് ഷാരോൺ മരിച്ചത്. പതിനാലാം തീയതിയാണ് വനിതാ സുഹൃത്തിനെ കാണാനായി ഷാരോൺ രാജ് തമിഴ്‌നാട്ടിലുള്ള പെൺകുട്ടിയുടെ വീട്ടിലേക്ക്
പോകുന്നത്. അവിടെ വച്ച് പെൺകുട്ടി കഷായവും ഒരു മാംഗോ ജ്യൂസും കുടിക്കാൻ കൊടുത്തെന്നും പിതാവ് നൽകിയ പരാതിയിൽ പറയുന്നു. ഈ പാനീയം
കുടിച്ച ഷാരോൺ രാജ് ചർദിച്ചുകൊണ്ടാണ് പുറത്തിറങ്ങി വന്നതെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറയുന്നു. വീട്ടിലെത്തിയ ശേഷവും ഛർദി
തുടരുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവാവ് മരിക്കുന്നത്.
ഷാരോണിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. വിവാഹം കഴിക്കാന്‍ നവംബര്‍വരെ കാത്തിരിക്കേണ്ടെന്ന് ഷാരോണ്‍
പറഞ്ഞിരുന്നു. എന്നാൽ തന്റെ പിറന്നാള്‍ മാസം കൂടിയായ നവംബറിന് മുന്‍പേ വിവാഹം കഴിച്ചാല്‍ ആദ്യ ഭര്‍ത്താവ് മരിച്ചുപോവുമെന്ന്
ജ്യോത്സ്യന്‍ പറഞ്ഞതായി പെണ്‍കുട്ടി ഷാരോണിനോട് പറഞ്ഞിരുന്നുവെന്ന് അമ്മാവന്‍ സത്യശീലനും ചൂണ്ടിക്കാട്ടി. ഇതില്‍ ഷാരോണിന്
വിശ്വാസമുണ്ടായിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടിയും ഷാരോണും വീട്ടിലെത്തി മറ്റാരുമറിയാതെ താലികെട്ടിയെന്നും ഇതിന്റെ ഫോട്ടോസ്
അടക്കമുള്ളവ അവന്റെ ഫോണിലുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരി മാസമാണ് പെണ്‍കുട്ടിയും ഒരു പട്ടാളക്കാരനുമായുള്ള കല്ല്യാണ നിശ്ചയം നടത്തിയത്. ഇതിന് ശേഷം ഷാരോണ്‍ കുട്ടിയുമായി
അകന്നിരുന്നുവെങ്കിലും പിന്നീട് പെണ്‍കുട്ടി തന്നെ നിര്‍ബന്ധിച്ച് ബന്ധം തുടരുകയായിരുന്നവെന്ന് സഹോദരന്‍ പറയുന്നു. ആദ്യം
സെപ്റ്റംബറിലാണ് പെണ്‍കുട്ടിയും പട്ടാളക്കാരനുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ നവംബറിന് മുന്നെ വിവാഹം നടന്നാല്‍
ഭര്‍ത്താവ് മരിക്കുമെന്ന് ജ്യോത്സ്യന്‍ അറിയിച്ചതോടെ വിവാഹം അടുത്ത ഫെബ്രുവരിയിലേക്ക് മാറ്റുകയായിരന്നു. അപ്പോഴും ഷാരോണുമായുള്ള ബന്ധം
തുടര്‍ന്നിരുന്നുവെന്നാണ് കുടംബം ചൂണ്ടിക്കാട്ടുന്നുണ്ട്. രണ്ടുപേരുടേയും വാട്‌സ്ആപ്പ് ചാറ്റുകളും ഫോണിലെ ഫോട്ടോകളും ഇതിന് തെളിവായി
കുടുംബം ചൂണ്ടിക്കാട്ടുന്നുമുണ്ട്.
പട്ടാളക്കാരനുമായുള്ള വിവാഹം നടക്കാന്‍ കുടംബം പാനീയത്തില്‍ ആസിഡ് ചേര്‍ത്ത് കൊലപ്പെടുത്തിയതായിട്ടാണ് സംശയിക്കുന്നതെന്നാണ് ആയുര്‍വേദ
ഡോക്ടര്‍കൂടിയായ ഷാരോണിന്റെ സഹോദരന്‍ ഷിമോണ്‍ പറയുന്നത്. ഷാരോണിന് കുടിക്കാന്‍ കൊടുത്തുവെന്ന് പറയുന്ന ആയുര്‍വേദ മരുന്ന് കുടിച്ചാല്‍
ഒരു തരത്തിലും ജീവന് അപകടമുണ്ടാവാത്തതാണ്. ഉയര്‍ന്ന അളവില്‍ കൊടുത്താല്‍ പോലും കൂടുതല്‍ മൂത്രം പോവുന്ന പ്രശ്‌നമുണ്ടാവുമെന്നല്ലാതെ
മരണം സംഭവിക്കാറില്ല. എന്നാല്‍ ഷാരോണിന്റെ ചുണ്ട് മുതല്‍ വയറിന്റെ അടിഭാഗം വരെ ഉള്ളില്‍ പൂര്‍ണമായും ചുട്ടുപൊള്ളിയ പോലെയായിരുന്നു
ഉണ്ടായിരുന്നതെന്നും ഇത് ഒരിക്കലും കഷായം കുടിച്ചത് കൊണ്ട് വരില്ലന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും ഷിമോണ്‍ പറയുന്നു.
നൂറ് മില്ലിയോളം മരുന്ന് ഒരുഗ്ലാസിലാക്കി ഒഴിച്ചുകൊടുത്തുവെന്നും അതിന്റെ കയ്പ് മാറാന്‍ ഫ്രിഡ്ജിലിരിക്കുന്ന ജ്യൂസ് പിന്നീട്
കുടിക്കാന്‍ കൊടുത്തുവെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയതായി അമ്മാവന്‍ സത്യശീലനും പറയുന്നു. സ്ഥിരമായി ഈ കഷായം കുടിക്കാറുള്ള
പെണ്‍കുട്ടി മരുന്നിന് കയ്പ്പാണെന്ന് എപ്പോഴും ഷാരോണിനോട് പറയുമായിരുന്നു. ഇത് പറഞ്ഞ് ഷാരോണ്‍ പെണ്‍കുട്ടിയെ കളിയാക്കുകയും
ചെയ്തിരുന്നു. അന്ന് വീട്ടില്‍ പോയപ്പോഴും മരുന്നിന്റെ കാര്യം പറഞ്ഞിരുന്നു. തുടര്‍ന്നാണ് കുടിച്ച് നോക്കാന്‍ പറഞ്ഞ് കഷായം ഗ്ലാസില്‍
ഒഴിച്ചുകൊടുത്തത്. ഇക്കാര്യം പുറത്ത് വന്ന ചാറ്റില്‍ നിന്നും വ്യക്തമാവുകയും ചെയ്യുന്നുണ്ട്. ഇത്രയും തെളിവുണ്ടായിട്ടും പോലീസ്
കൃത്യമായി അന്വേഷിക്കാന്‍ തയ്യാറാവുന്നില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കണെമെന്നും കുടുംബം പറയുന്നു.