
ആലപ്പുഴ∙ എസ്‌ഡിപിഐ നേതാവ് കെ.എസ്.ഷാൻ കൊല്ലപ്പെട്ട കേസിൽ കുറ്റപത്രം മടക്കണമെന്ന പ്രതിഭാഗം ഹർജി ആലപ്പുഴ ജില്ല സെഷൻസ് കോടതി തള്ളി. സ്ഥലം എസ്എച്ച്ഒ അല്ല കുറ്റപത്രം നൽകിയതെന്നു കാണിച്ചായിരുന്നു ഹർജി. ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന കെ.വി.ബെന്നിയാണ് കേസിൽ കുറ്റപത്രം നൽകിയത്. ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫിസറാണു കുറ്റപത്രം നൽകേണ്ടതെന്നും സി ബ്രാഞ്ചിന് ഇതിന് അധികാരമില്ലെന്നുമായിരുന്നു പ്രതിഭാഗ വാദം.
2021 ഡിസംബർ 18നു രാത്രി എട്ടോടെ മണ്ണഞ്ചേരി കുപ്പേഴം ജംക്‌ഷനിൽ വച്ചാണു ഷാൻ കൊല്ലപ്പെട്ടത്. സ്കൂട്ടറിൽ വീട്ടിലേക്കു പോകുകയായിരുന്ന ഷാനിനെ പിന്നിൽനിന്നു കാറിടിച്ചു വീഴ്ത്തിയതിനു പിന്നാലെ വെട്ടുകയായിരുന്നു. ശരീരമാസകലം വെട്ടേറ്റ ഷാൻ പതിനൊന്നരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. കാറിലെത്തിയ അഞ്ചംഗ സംഘം ഷാനിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അടുത്ത് നിർമാണം നടക്കുകയായിരുന്ന വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.