Spread the love
സംസ്ഥാനത്തെ വാഹനാപകടങ്ങൾക്ക് തടയിടാൻ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

ചെറിയ നിയമ ലംഘനങ്ങള്‍ക്ക് പോലും ലൈസന്‍സ് മരവിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ എടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ കൂടിയ സാഹചര്യത്തിലാണ് ഇത്. ഇരുചക്ര വാഹനങ്ങളില്‍ മൂന്ന് പേരായി സഞ്ചരിക്കുക, അമിത വേഗതയില്‍ വാഹനമോടിക്കുക, ഹെല്‍മറ്റ് ധരിക്കാതിരിക്കുക, സിഗ്നല്‍ തെറ്റിച്ച്‌ വണ്ടിയോടിക്കുക, ഡ്രൈവിങ്ങിന് ഇടയില്‍ മൊബൈല്‍ ഉപയോഗം, വാഹന പരിശോധനയ്ക്കിടയില്‍ നിര്‍ത്താതെ പോവുക, മദ്യപിച്ചുള്ള ഡ്രൈവിങ് എന്നീ കുറ്റങ്ങള്‍ക്ക് നടപടി കടുപ്പിക്കാനാണ് നിര്‍ദേശം.

ആദ്യം പിഴ ഈടാക്കുകയാണ് ചെയ്യുക. തെറ്റ് ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് മരവിപ്പിക്കും. വാഹന പരിശോധന ഇതോടെ കര്‍ശനമാക്കും. പിഴയടക്കുന്നത് പ്രശ്‌നമല്ലെന്ന മനോഭാവമാണ് പലര്‍ക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു. ഹെല്‍മറ്റില്ലാത്ത യാത്ര ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് പോലും ഡ്രൈവിങ് ലൈസന്‍സ് മരവിപ്പിക്കും.

Leave a Reply