കക്കാട് – പരപ്പനങ്ങാടി റോഡിലൂടെ പരപ്പനങ്ങാടിയിലെ ഹാര്‍ബര്‍ നിര്‍മാണത്തിന് കല്ലുകളെത്തിക്കുന്ന ടോറസ് ലോറികളടക്കമുള്ള ടിപ്പറുകളുടെ അമിത വേഗത്തിനാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ നടപടിയുമായി എത്തിയത്.
സ്കൂള്‍ സമയങ്ങളിലും രാവിലെയും വൈകീട്ടും നിയമം ലംഘിച്ച് ട്രെയിലര്‍ ലോറികള്‍ അമിത ഭാരം വഹിച്ച് മരണപ്പാച്ചില്‍ നടത്തുന്നത് ‘മാധ്യമം’ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതേ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.
നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കിയും താക്കീതും ബോധവത്കരണവുമായി അധികൃതര്‍ റോഡിലിറങ്ങുകയായിരുന്നു. ജില്ല എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ കെ.കെ. സുരേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം എം.വി.ഐമാരായ ഡാനിയല്‍ ബേബി, സജി തോമസ്, എ.എം.വി.ഐ സുനില്‍ രാജ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.
ചെമ്മാട്, തിരൂരങ്ങാടി, കൊളപ്പുറം, കക്കാട്, കോട്ടക്കല്‍, മലപ്പുറം, കൊണ്ടോട്ടി, തിരൂര്‍ എന്നീ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. 63 കേസുകളിലായി 68,500 രൂപ പിഴ ഈടാക്കിയതായി അധികൃതര്‍ അറിയിച്ചു. തിരക്കേറിയ രാവിലെകളിലും വൈകീട്ടും ടിപ്പര്‍ ലോറികള്‍ നിരത്തിലിറങ്ങരുതെന്ന് നിര്‍ദേശവും നല്കി.
വരുംദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ജില്ല എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ കെ.കെ. സുരേഷ് കുമാര്‍ പറഞ്ഞു.