കോവിഡ് വ്യാപന സമയത്തും ലോക്ഡൗണ്‍ കാലത്തും ചരക്ക് ഗതാഗതം നടത്തി ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കുന്നതില്‍ നിർണായക പങ്കുവഹിച്ച ഡ്രൈവര്‍മാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ സ്‌നേഹാദരം. കോവിഡിന് മുന്നില്‍ പതറാതെ നാടിന്റെ ഓരോ കോണിലും അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് മുന്നോട്ട് വന്ന ഡ്രൈവര്‍മാര്‍ക്ക് ഉച്ചഭക്ഷണ നല്‍കിയാണ് വകുപ്പ് ആദരമറിയിച്ചത്. തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ചരക്ക് വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ഉച്ചഭക്ഷണം നല്‍കി.
തൃശൂര്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ബിജു ജെയിംസിന്റെ നിര്‍ദേശാനുസരണമായിരുന്നു തീരുമാനം. ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ സഹകരണത്തോടെയാണ് ഉച്ചഭക്ഷണം നല്‍കിയത്. ചടങ്ങില്‍ ഹസാര്‍ഡസ് ഗുഡ്‌സ് വാഹനം ദീര്‍ഘദൂരം വര്‍ഷങ്ങളായി ഓടിക്കുന്ന വനിതയായ ഡെലീഷ ഡേവിസിന്റെ പ്രകടന മികവിന് തൃശൂര്‍ മോട്ടോര്‍ വാഹന വകുപ്പ് പ്രാശംസാഫലകം നല്‍കി ആദരിച്ചു.
തമിഴ്‌നാട് ഉള്‍പ്പെടെ കര്‍ണാടക, മഹാരാഷ്ട്ര, തെലുങ്കാന തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്ക് വാഹന ഡ്രൈവര്‍മാരുടെ സേവനമാണ് കോവിഡുകാലത്ത് കേരളത്തിന് തുണയായത്. യാത്രാ സമയങ്ങളില്‍ ഭക്ഷണം പോലും ലഭിക്കാന്‍ സാധ്യതയില്ലെന്ന് അറിഞ്ഞിട്ടും സേവന നിരതരായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ചരക്ക് വാഹനങ്ങൾ ഓടിക്കുന്ന തൊഴിലാളികള്‍.
തൃശൂര്‍ ആര്‍ ടി ഒ ബിജു ജെയിംസ്, എന്‍ഫോഴ്സ്‌മെന്റ് ആര്‍ ടി ഒ, എം പി. ജെയിംസ്, ഐ സി എല്‍ ഫിന്‍കോര്‍പ്പ് എം ഡി.കെ ജി. അനില്‍ കുമാര്‍, മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍മാരായ വിനോദ് കുമാര്‍ എന്‍, റോഷന്‍ കെ, ഉണ്ണികൃഷ്ണന്‍ എം പി, ഫെനില്‍ ജെയിംസ്, ഓസ്‌കാര്‍ ഇവെന്റ്‌സ് ജനീഷ് തുടങ്ങയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.