
മുക്കം: കോളേജ് ദിനാഘോഷത്തിനിടെ മണ്ണുമാന്തിയന്ത്രത്തിലും രൂപമാറ്റം വരുത്തിയ വാഹനങ്ങളിലും നടുറോഡിലൂടെ റോഡ് ഷോ നടത്തി കോളേജ് വിദ്യാർഥികൾ. മുക്കം കളൻതോട് എം.ഇ.എസ്. ആർട്സ് കോളേജിലെ വിദ്യാർഥികളാണ് മണ്ണുമാന്തിയന്ത്രത്തിന്റെ കൈയിൽ ഉൾപ്പെടെ കയറിനിന്ന് അപകടകരമാംവിധം യാത്ര ചെയ്തത്. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.
സംഭവം വിവാദമായതോടെ മോട്ടോർവാഹന വകുപ്പ് ഉൾപ്പെടെ സംഭവസ്ഥലത്തെത്തി നടപടി സ്വീകരിച്ചു. വിദ്യാർഥികളെ കയറ്റി റോഡിലൂടെ ഓടിച്ച മണ്ണുമാന്തിയന്ത്രം കസ്റ്റഡിയിൽ എടുത്തതായും രൂപമാറ്റം വരുത്തിയ ജീപ്പ് ഉൾപ്പെടെയുള്ള കണ്ടാലറിയാവുന്ന വാഹനളുടെ പേരിൽ കേസെടുത്തതായും മോട്ടോർവാഹനവകുപ്പ് അധികൃതർ പറഞ്ഞു. ജില്ലയിൽ മറ്റു മൂന്ന് കോളേജുകളിൽക്കൂടി വ്യാഴാഴ്ച സമാനമായ രീതിയിൽ ആഘോഷപരിപടികൾ നടന്നിരുന്നു.
മണ്ണുമാന്തിയന്ത്രത്തിന് അകമ്പടിയേകി രൂപമാറ്റം വരുത്തിയ വാഹനങ്ങളിൽ വിദ്യാർഥികളെ കുത്തിനിറച്ച് യാത്രചെയ്തു. കാറുകളുടെ സൈഡ് ഗ്ലാസുകൾ താഴ്ത്തി ഡോറിൽ ഇരുന്ന് തലയും ഉടൽഭാഗവും പുറത്തേക്കിട്ടും യാത്രചെയ്തു.
സിനിമാനടൻ സുധീർ നായരാണ് കോളേജിലെ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയത്. വാഹനങ്ങൾ മിക്കവയും രൂപമാറ്റം വരുത്തിയതും ഇതിലേറെയും വാടകയ്ക്കെടുത്തവയുമായിരുന്നു. അതുകൊണ്ടുതന്നെ ഉടമകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് മോട്ടോർവാഹന വകുപ്പ് അധികൃതർ അറിയിച്ചു.
മണ്ണുമാന്തിയന്ത്രത്തിന്റെ കൈകളിൽ കയറിനിന്ന് നടുറോഡിലൂടെ വിദ്യാർഥികൾ യാത്രചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇത് ചോദ്യം ചെയ്തിരുന്നു. എന്നാൽ, തന്നെക്കൊണ്ട് ചെയ്യാൻ പറ്റുംപോലെ ചെയ്തോ എന്നായിരുന്നു ജെ.സി.ബി. ഡ്രൈവറുടെ മറുപടി’