Spread the love

സിനിമാ പ്രൊമോഷന് ചിത്രത്തിലെ നായിക സഹകരിക്കുന്നില്ലെന്ന വിമർശനവുമായി സംവിധായകൻ ദീപു കരുണാകരൻ. തന്റെ പുതിയ ചിത്രത്തിലെ നായികക്കെതിരെയാണ് സംവിധായകൻ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഒരു ഓൺലൈൻ മാദ്ധ്യമത്തോടായിരുന്നു സംവിധായകന്റെ പ്രതികരണം.

‘സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഏറ്റവും കൂടുതൽ സഹകരിച്ചത് അവരായിരുന്നു. സിനിമ നിന്നുപോകുമെന്ന അവസ്ഥയിൽ പോലും ഒപ്പമുണ്ടെന്ന് പറഞ്ഞ് കൂടെനിന്നു. എന്നാൽ സിനിമയുടെ പ്രൊമോഷന് സഹകരിക്കാത്തതാണ് അത്ഭുതപ്പെടുത്തിയത്. ഇൻസ്റ്റ പേജിൽ ഒരു പ്രൊമോഷൻ പോസ്റ്റ് ഇടാൻ ആവശ്യപ്പെട്ടപ്പോൾ അതിന് തയ്യാറായില്ല. പ്രൊമോഷന് വിളിച്ചപ്പോൾ ഏതെങ്കിലും ഒരു ദിവസം നോക്കട്ടെ എന്നായിരുന്നു പ്രതികരണം.സിനിമയിൽ നാല് പാട്ടുകൾ ഇറങ്ങിയിട്ടുണ്ട്. സിനിമയുടെ ഓഡിയോ റൈറ്റ്‌സ് ഒരു കമ്പനിക്ക് പത്ത് ലക്ഷം രൂപയ്ക്ക് കൊടുത്തിരുന്നു. അവർ ആവശ്യപ്പെടുന്നത് ഇൻസ്റ്റയിലെ റീച്ച് ആണ്. ഈ യുവതാരത്തിന്റെ ആരാധകർ ഹാൻഡിൽ ചെയ്യുന്നൊരു ഫേസ്‌ബുക്ക് പേജുണ്ട്. അതിൽ പാട്ടിന്റെ കാര്യങ്ങൾ പ്രൊമോട്ട് ചെയ്തതല്ലാതെ ഒഫീഷ്യൽ പേജിൽ അവർ അത് ചെയ്തില്ല. പല പ്രാവശ്യം അവരുടെ അമ്മയുമായും മാനേജരുമായും സംസാരിച്ചു. കാലുപിടിച്ച് പറയേണ്ട അവസ്ഥ പോലും ഉണ്ടായി.

‘എനിക്കൊരു പരിധി കഴിഞ്ഞ് ഇതിനകത്ത് ഒന്നും പറയാൻ കഴിയില്ല, ആ കുട്ടിയുടെ തീരുമാനം അല്ലേ’ എന്നായിരുന്നു അവരുടെ അമ്മയുടെ പ്രതികരണം. മാനേജരെ വിളിക്കുമ്പോൾ ദാ ഇപ്പോൾ ഇടാം എന്നൊക്ക പറയുന്നതല്ലാതെ ഒന്നും നടന്നില്ല. ഒടുവിൽ സിനിമയിലെ നായകനായ ഇന്ദ്രജിത്ത് അവരെ വിളിച്ചു ‘ഈ ചെയ്യുന്നത് മോശമാണ്, നിങ്ങൾ പ്രൊമോഷൻ ചെയ്യണം, നമ്മുടെ സിനിമയല്ലേ’ എന്നു പറഞ്ഞു. അപ്പോൾ ശരിയെന്ന് പറഞ്ഞ് ഇന്ദ്രജിത്തിനോട് മാത്രം സംസാരിച്ച് ഫോൺ വയ്ച്ചു.വാർത്തയിലൂടെ ഈ കാര്യം പറയേണ്ട കാര്യം എനിക്കില്ല. നേരെ അസോസിയേഷനിൽ പറഞ്ഞുകഴിഞ്ഞാൽ അവർക്ക് ചെയ്യേണ്ടി വരും. പ്രൊമോഷന്റെ സമയം ആകട്ടെ എന്നുകരുതിയാണ് അത് ചെയ്യാത്തത്. അതിനാണ് ഞാൻ കാത്തിരിക്കുന്നത്’- ദീപു കരുണാകരൻ വ്യക്തമാക്കി.

പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചില്ലെങ്കിലും ആരോപണവിധേയ നടി അനശ്വര രാജൻ ആണെന്ന് അറിഞ്ഞതോടെ സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്ത മട്ടാണ്‌. താരത്തിനെതിരെ വ്യാപക സൈബർ ആക്രമണവും വരുന്നുണ്ട്.

Leave a Reply