തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് പുകഴ്ത്തി പാട്ടിറക്കിയവർക്ക് ഭീഷണിയെന്ന് സംവിധായകൻ. വാളുമായി അജ്ഞാത സംഘം പിന്തുടർന്നുവെന്നാണ് സംവിധായകൻ പറഞ്ഞത്. ഇതേത്തുടർന്ന് നിർമാതാവ് തിരുവനന്തപുരത്തുനിന്നു താമസംമാറി. മുഖ്യമന്ത്രി പിണറായി വിജയനെ പാശ്ചാത്യ സംഗീതത്തിന്റെ അകമ്പടിയിൽ സ്തുതിച്ച് വിഡിയോ ഗാനം നേരത്തേ പുറത്തുവന്നിരുന്നു. ഒരു പ്രൊഡക‍്ഷൻ കമ്പനിയുടെ പേരിൽ ഇറക്കിയിരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
‘പിണറായി വിജയൻ, നാടിന്റെ അജയൻ’ എന്നു തുടങ്ങുന്ന പാട്ടിൽ തീയിൽ കുരുത്ത കുതിര, കൊടുങ്കാറ്റിൽ പറക്കും കഴുകൻ, മണ്ണിൽ മുളച്ച സൂര്യൻ, മലയാള നാടിന്റെ മന്നൻ എന്നു തുടങ്ങി മാസ്സ്, ക്ലാസ്, പുലി, സിംഹം, നായകൻ, പടച്ചേവകൻ എന്നെല്ലാമുള്ള വിശേഷണങ്ങൾ പിണറായിക്കുണ്ട്.
പിണറായിയെ സ്തുതിക്കുന്ന പാട്ടുമായി പാർട്ടിക്കാരായ വനിതകൾ ഒരുവർഷം മുൻപു തിരുവാതിര കളിച്ചതു ചർച്ചയായിരുന്നു. ‘ഇന്നീ കേരളം ഭരിച്ചീടും പിണറായി വിജയനെന്ന സഖാവിനു നൂറുകോടി അഭിവാദ്യങ്ങൾ, ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി വിജയനെന്ന സഖാവു തന്നെ’ എന്നിങ്ങനെയായിരുന്നു വരികൾ.