
മലപ്പുറത്ത് ഷിഗല്ല ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക.
പുത്തനത്താണിയില്‍ കഴിഞ്ഞ ദിവസം ഏഴുവയസുകാരന്‍ മരിച്ചത് ഷിഗല്ല മൂലമാണെന്ന സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് ഷിഗല്ലയാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ഡി.എം.ഒ പറഞ്ഞു.
മുന്‍കരുതലായി പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെയാണ് ഏഴുവയസുകാരനെ വയറിളക്ക രോഗത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരിച്ച കുട്ടിയുടെ ബന്ധുവായ മറ്റൊരു കുഞ്ഞും സമാന ലക്ഷണങ്ങളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ കുഞ്ഞിന്റെ ആരോഗ്യ നില തൃപതികരമാണെന്നും മരിച്ച ഏഴു വയസ്സുകാരന്റെ മാതാവും സമാന ലക്ഷണങ്ങളോടെ ചികിത്സ തേടിയിരുന്നു. കുഞ്ഞിന്റെ മാതാവ് ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.
ഷിഗല്ലയെന്ന് സംശയിക്കുന്നതിനാല്‍ ജില്ലാതല ദ്രുത പ്രതികരണ സംഘം പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുകയും ഭക്ഷണ പാനീയങ്ങള്‍ വില്‍ക്കുന്നതും നിര്‍മിക്കുന്നതുമായ സ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
കുഞ്ഞുങ്ങളില്‍ പെട്ടെന്ന് പകരുന്ന രോഗമായതിനാല്‍ ഷിഗെല്ല സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കിയിരുന്നു.