യുക്രെയിനിലെ യുദ്ധഭൂമിയിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി എട്ടാമത്തെ യുക്രെയ്ൻ രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ പദ്ധതിയുടെ വിമാനം ഡൽഹിയിലെത്തി. ബുകാറെസ്റ്റിൽ നിന്നും 198 പേരെയാണ് തിരികെ എത്തിച്ചത്. ഇന്ന് രാവിലെ റൊമേനിയയിലെ ബുകാറെസ്റ്റിൽ നിന്നും 218 പേരുമായി ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഏഴാമത്തെ വിമാനവും എത്തിയിരുന്നു. യുക്രെയിനിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും തിരികെ കൊണ്ടുവരാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര മന്ത്രി ആർകെ സിംഗ് പറഞ്ഞു. ഇതിനു വേണ്ടി മാത്രം നാല് മന്ത്രിമാരെ കേന്ദ്രസർക്കാർ നിയോഗിച്ചിട്ടുണ്ട്. ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം കീവ് വിടാൻ ഇന്ത്യൻ എംബസി നിർദേശം നൽകിയിട്ടുണ്ട്. ലഭ്യമായ ട്രെയിനുകളിലൂടെയോ മറ്റേതെങ്കിലും മാർഗങ്ങളിലൂടെയോ ഉടനടി നഗരം വിടാനാണ് എംബസിയുടെ നിർദേശം.