ഏറ്റുമാനൂര്‍ -ചിങ്ങവനം ഇരട്ടപ്പാത യാഥാര്‍ത്ഥ്യമായതോടെ സമ്പൂര്‍ണ ഇരട്ടപ്പാതയുള്ള സംസ്ഥാനം എന്ന പദവി കേരളത്തിനും സ്വന്തമായി. ഞായറാഴ്ച രാത്രി 9.25ന് ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയില്‍വേ ഗേറ്റിനു സമീപം പുതിയ പാളത്തിലേക്ക് പാലരുവി എക്‌സ്പ്രസ് പുതുതായി തീര്‍ത്ത രണ്ടാംട്രാക്കിലൂടെ കോട്ടയത്തേക്ക് തിരിച്ചു. 50 കിലോമീറ്ററായിരുന്നു വേഗം. കോട്ടയം സ്‌റ്റേഷനില്‍ രാത്രി 9.42ന് പാലരുവി എക്‌സ്പ്രസ് ഫ്‌ലാഗ് ഓഫ് ചെയ്തതോടെ പാതയ്ക്ക് ഔദ്യോഗിക ഉദ്ഘാടനമായി. കോട്ടയം സ്റ്റേഷന്‍ മാനേജര്‍ ബാബു തോമസാണ് ഫ്‌ലാഗ് ഓഫ് ചെയ്തത്. ഏറ്റുമാനൂർ മുതൽ ചിങ്ങവനംവരെയുള്ള 16.7 കിലോമീറ്റർ ഇരട്ടപ്പാതയാണ് പൂർണമായും ഗതാഗതയോഗ്യമായത്. ഏറ്റുമാനൂരിൽനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് ചിങ്ങവനം വരെയാണ് പുതിയപാത നിർമിച്ചിട്ടുള്ളത്. കോട്ടയത്തെ ഇരട്ട തുരങ്കങ്ങളും ഒഴിവാക്കി.