Spread the love

എമ്പുരാൻ വിവാദത്തിൽ അഭിപ്രായവുമായി നടനും സംവിധായകനുമായ മേജർ രവി രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. ചിത്രത്തിന്റെ ഉള്ളടക്കം ലാലേട്ടൻ കണ്ടിട്ടില്ല എന്നും അദ്ദേഹത്തിന് അങ്ങനെയൊരു ശീലമില്ല, ഇക്കാരണമായിരിക്കാം എമ്പുരാനിലെ വിവാദ രംഗങ്ങൾ അദ്ദേഹം അറിയാതെ പോയത് എന്നായിരുന്നു മേജർ രവിയുടെ വാദം. തനിക്കറിയാവുന്ന മോഹൻലാൽ തീർച്ചയായും വിഷയത്തിൽ സമൂഹത്തോട് മാപ്പ് പറയും എന്നും താരം സൂചിപ്പിച്ചിരുന്നു. ഇത് ഏറ്റെടുത്ത ചിലർ പൃഥ്വിരാജ് മോഹൻലാലിനെ തെറ്റിദ്ധരിപ്പിച്ച് അഭിനയിപ്പിച്ചു എന്ന തരത്തിൽ ചർച്ചകൾ മുന്നോട്ടു നീക്കിയിരുന്നു. പിന്നാലെ കഴിഞ്ഞദിവസം മേജർ രവിക്കെതിരെ രൂക്ഷ വിമർശനവുമായി അമ്മ മല്ലിക സുകുമാരൻ രംഗത്തെത്തിയിരുന്നു.

എമ്പുരാൻ കണ്ട ശേഷം ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞ മേജർ രവി എങ്ങനെ പെട്ടെന്ന് മലക്കം മറഞ്ഞുവെന്നും ഇതിൽ നിന്നും എന്ത് ലാഭമാണ് മേജർ രവിക്ക് ലഭിക്കാനുള്ളത് എന്ന് അറിയില്ലെന്നും ആയിരുന്നു മല്ലിക സുകുമാരൻ വ്യക്തമാക്കിയത്. പിന്നാലെ വിശദീകരണവുമായി രംഗത്തെത്തിയ മേജർ രവി എമ്പുരാൻ ഒരു മോശം സിനിമയാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പകരം ചില സത്യങ്ങൾ സിനിമ മറച്ചു പിടിച്ചിട്ടുണ്ട് എന്നാണ് പറഞ്ഞതെന്നും താരം വ്യക്തമാക്കിയിരുന്നു. ഇതിനിടയിൽ മോഹൻലാൽ ഫാൻസ് അസോസിയേഷനും മേജർ രവിക്കെതിരെ രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇത് മറ്റാരോ എഴുതിയതാണെന്ന് പറഞ്ഞ് മേജർ രവി പ്രസ്താവന ഇറക്കുകയായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ വീണ്ടും രൂക്ഷ വിമർശനവുമായി പ്രസ്താവന കുറിപ്പ് ഇറക്കിയിരിക്കുകയാണ് മോഹൻലാൽ ഫാൻസ് അസോസിയേഷൻ.

കുറിപ്പിന്റെ പൂർണ്ണരൂപം

നമസ്കാരം,ഇന്ന് സംവിധായകൻ രവി ഉന്നയിച്ച ഒരു പരാമർശം ശ്രദ്ധയിൽ പെട്ടു. മോഹൻലാൽ ഫാൻസ് ഒഫീഷ്യൽ ആയി പുറത്ത് വിട്ട ഒരു കുറിപ്പ് ആരുടെയോ draft ആണ് എന്ന് പറഞ്ഞു ന്യായീകരിക്കാൻ ശ്രമിച്ച സംവിധായകൻ ഒന്ന് കൂടി വ്യക്തമാക്കണം ആരുടെ draft ആണ് എന്നും എന്ത് അടിസ്ഥാനത്തിൽ ആണ് അങ്ങനെ പറഞ്ഞത് എന്നും. സത്യത്തെ വീണ്ടും വളച്ചൊടിച്ച് വ്യക്തി ഹത്യക്ക് ശ്രമിക്കുന്ന അദ്ദേഹം ഒരു മൈക്ക് കിട്ടിയാൽ എന്ത് കാര്യവും തോന്നുന്ന രീതിയിൽ വിളിച്ചു പറഞ്ഞാൽ പറയുന്നത് എല്ലാം സത്യമാകും എന്ന് ജനങ്ങൾ വിശ്വസിക്കും എന്ന് കരുതരുത്.

ഞങ്ങളുടെ അസോസിയേഷൻ ഭാരവാഹികൾ മുഴുവനും ചേർന്ന് ചർച്ച ചെയ്തെടുത്ത ഒരു കുറിപ്പാണ് ഞങ്ങൾ ഷെയർ ചെയ്തിരുന്നത്. ഏതെങ്കിലും ഒരു വ്യക്തിയുടെ പേഴ്സണൽ ആവശ്യങ്ങൾ നിറവേറ്റാൻ ഉള്ള ഒന്നല്ല ഞങ്ങളുടെ ഈ അസോസിയേഷൻ എന്ന് കൃത്യമായ ബോധത്തോടുകൂടിയാണ് ഞങ്ങൾ പ്രവർത്തിച്ചു വരുന്നത്. മോഹൻലാലിൻറെ ചങ്കാണ് എന്ന് മാധ്യമങ്ങൾ വഴി വിളിച്ചു പറയുന്നത് എന്ത് അർഥത്തിൽ ആണ്. നമ്മുടെ ഒരു ചങ്ക് എന്ന് പറയുന്ന വ്യക്തിക്ക് എന്തെങ്കിലും ഒരു ബുദ്ധിമുട്ട് വന്നാൽ അവരോടൊപ്പം നിൽക്കാതെ നേരെ മറിച്ച് സ്വന്തം വ്യക്തി താൽപര്യത്തിനു വേണ്ടി, സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ വന്ന് ഇത്തരം ഒരു കോമാളിത്തരം ഒരു ചങ്കും കാണിക്കും എന്ന് ഞങ്ങൾ കരുതുന്നില്ല.

സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി അഭിപ്രായങ്ങളും തീരുമാനങ്ങളും ഇടയ്‌ക്കിടെ മാറ്റുന്നവർക്കുള്ള വിളിപ്പേര് ‘ചങ്ക്’ എന്നല്ല… അദ്ദേഹം ചങ്ക് എന്ന വാക്കിന് കൊടുത്ത അർത്ഥം എന്താണെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല… ഇന്നും മറിച്ചല്ല നടന്നത് ഏതോ ഒരു വ്യക്തിയുടെ തലയിൽ എല്ലാം കെട്ടി വച്ച് ഞങ്ങൾ അന്ന് പറഞ്ഞതിൻ്റെ സാരം എന്തെന്ന് പോലും ഉൾക്കൊള്ളാതെ വീണ്ടും ചില ബാലിശമായ കാര്യങ്ങൾ ഉന്നയിച്ച് വിഷയത്തിൽ നിന്നും തെന്നി മാറിയിരിക്കുക ആണ് അദ്ദേഹം.

മാധ്യമ പ്രവർത്തകരുടെ ഭാഗത്ത് നിന്നും വന്ന ബുള്ളറ്റുകൾ ആകുന്ന ചോദ്യങ്ങളിൽ നിന്നും വളരെ സമർത്ഥമായി തന്നെ അദ്ദേഹം ഒഴിഞ്ഞു മാറി.ലാലേട്ടൻ ഇതിന് മുൻപും പറഞ്ഞിട്ടുണ്ട് ‘ഒരു ബുദ്ധിമുട്ട് വരുമ്പോൾ എന്നും എനിക്ക് എൻ്റെ പിള്ളേര് ഉണ്ടെട’ എന്ന്. അങ്ങനെ ഉള്ള ലക്ഷക്കണക്കിന് ആരാധകര് ആണ് ലാലേട്ടന്‍റെ ചങ്കുകൾ. വിവിധ ജാതി, മത, രാഷ്ട്രീയ വിശ്വാസങ്ങൾ ഉള്ള ലക്ഷക്കണക്കിന് ചങ്കുകൾ…. അതുകൊണ്ട് ആണ് ഞങ്ങൾ ഇപ്പോഴും പറയുന്നത്, “ലാലേട്ടൻ ഞങ്ങളുടെ ചങ്കല്ല, ചങ്കിടിപ്പാണ്

Leave a Reply