കോട്ടയം : അയ്മനത്ത് വ്യാപാരി ആത്മഹത്യ ചെയ്തത് ബാങ്കിന്റെ ഭീഷണിയെ തുടർന്നെന്നു പരാതി. കുടയംപടി സ്വദേശി കെ.സി. ബിനു (50) ബാങ്കിന്റെ ഭീഷണിയെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണു കുടുംബത്തിന്റെ പരാതി. കുടിശികയുടെ പേരിൽ ബാങ്ക് ജീവനക്കാർ നിരന്തരം കടയിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി ബിനുവിന്റെ കുടുംബം ആരോപിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് ബിനുവിനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ബിനുവിന്റെ മൃതദേഹവുമായി ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നാണ് കുടുംബത്തിന്റെ നിലപാട്.
ലോൺ തിരിച്ചടവിന് സാവകാശം ചോദിച്ചെങ്കിലും ബാങ്ക് നൽകിയില്ലെന്നും, വീട്ടിൽവന്ന് അപമാനിക്കരുതെന്ന് അഭ്യർഥിച്ചെങ്കിലും ചെവിക്കൊണ്ടില്ലെന്നും ബിനുവിന്റെ ഭാര്യ ആരോപിച്ചു. ബാങ്ക് മാനേജരായ പ്രദീപാണ് ബിനുവിനെ ഭീഷണിപ്പെടുത്തിയതെന്ന് മകളും വെളിപ്പെടുത്തി.
അച്ഛൻ കർണാടക ബാങ്കിൽനിന്ന് ലോൺ എടുത്തിരുന്നു. മുൻപും ഇവിടെനിന്ന് ലോൺ എടുത്തിട്ടുണ്ട്. അതെല്ലാം കൃത്യസമയത്ത് അടച്ചുതീർത്തിട്ടുമുണ്ട്. കഴിഞ്ഞ രണ്ടു മാസമായി അച്ഛന് പണം തിരിച്ചടയ്ക്കാനായില്ല. ഇതോടെ കുടിശിക വന്നു. എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും അച്ഛൻ ലോണെല്ലാം കൃത്യമായി അടയ്ക്കുന്നതാണ്. ഞങ്ങൾക്കെല്ലാം അക്കാര്യം അറിയാം.’
രണ്ടു മാസത്തെ കുടിശിക വന്നതോടെ ബാങ്കിലെ മാനേജർ പ്രദീപ് അച്ഛനെ തുടർച്ചയായി ഭീഷണിപ്പെടുത്തിയിരുന്നു. കടയിൽനിന്ന് സാധനങ്ങൾ എടുത്തുകൊണ്ടു പോകുമെന്നു പറഞ്ഞും ഭീഷണിപ്പെടുത്തി. രണ്ടു ദിവസം കഴിഞ്ഞ് ഇയാൾ ബാങ്കിലെ ജീവനക്കാരനെ കടയിലേക്കു പറഞ്ഞുവിട്ടു. വൈകുന്നേരത്തോടെയാണ് അയാൾ കടയിൽവന്നു പോയത്.
അന്ന് ഭയന്നുപോയ അച്ഛൻ കടയിൽനിന്ന് ഇറങ്ങി. കുറച്ചുകഴിഞ്ഞ് അമ്മയുടെ ഫോണിലേക്ക് വിളിച്ചു. ബാങ്കുകാരുടെ പേരുപറഞ്ഞ് ആത്മഹത്യ ചെയ്യുമെന്ന് അച്ഛൻ അമ്മയോടു പറഞ്ഞു. അവർ ലോണിന്റെ പേരിൽ സമാധാനം തരുന്നില്ലെന്നും രണ്ടു ദിവസത്തെ സാവകാശം കിട്ടിയാൽ അടയ്ക്കാവുന്നതല്ലേ ഉള്ളൂവെന്നും പറഞ്ഞു.
എന്നോടു ബാങ്കിലേക്ക് വിളിക്കാൻ പറഞ്ഞതനുസരിച്ച് ഞാൻ വിളിച്ചെങ്കിലും, അവർ ഫോണെടുത്തില്ല. അച്ഛന്റെ ഫോണിൽനിന്ന് വിളിച്ചാൽ അവർ എടുക്കും. ഞങ്ങൾ വിളിച്ചിട്ട് എടുത്തില്ല. പിറ്റേന്ന് വൈകുന്നേരം ബാങ്ക് മാനേജർ വീണ്ടും കടയിൽ ചെന്നു. അന്നും അയാൾ അച്ഛനെ ഭീഷണിപ്പെടുത്തി. അച്ഛനെ തളർത്തുന്ന രീതിയിലായിരുന്നു സംസാരം. അയാൾ സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ് അയച്ചുതരാമെന്ന് അച്ഛൻ എന്നോടു പറഞ്ഞെങ്കിലും, പിറ്റേന്ന് ഭയന്ന് ഡിലീറ്റ് ചെയ്തു.
ഈ ബാങ്ക് മാനേജർ വിളിക്കുമ്പോൾ മാത്രമാണ് അച്ഛന് ഇത്രയ്ക്കു പേടി. പിന്നീട് അവർ പറഞ്ഞ ദിവസം തന്നെ കുടിശിക ഞങ്ങൾ അടച്ചുതീർത്തു. പിന്നീട് ഈ മാസത്തെ കുടിശിക 24–ാം തീയതിക്കു മുൻപ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഭീഷണിയായി. രണ്ടു മാസത്തെ തുക അടച്ചുതീർത്ത സ്ഥിതിക്ക് ഈ മാസത്തെ അടയ്ക്കാൻ കുറച്ചുകൂടി സാവകാശം തന്നുകൂടേ? ഞങ്ങൾ ഇതുവരെ അടയ്ക്കാതിരുന്നിട്ടില്ല. ഒരു വലിയ തുക അടച്ചതിന്റെ തൊട്ടുപിന്നാലെ അടുത്ത തുക കൂടി അടയ്ക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് മനസ്സിലാക്കാൻ ഇവരൊന്നും മനുഷ്യരല്ലേ?
രണ്ടു ദിവസം മുൻപ് ഫോൺ റീച്ചാർജ് ചെയ്യാനായി അമ്മ അച്ഛനെ വിളിച്ചു. പക്ഷേ, അക്കൗണ്ടിലുണ്ടായിരുന്ന പണം മാനേജർ എടുത്തെന്ന് അച്ഛൻ പറഞ്ഞു. ഇതും അച്ഛനു വലിയ ബുദ്ധിമുട്ടായി. – മകൾ പറഞ്ഞു.