Spread the love

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജ വീഡിയോ നിർമിച്ചതുമായി ബന്ധപ്പെട്ട പോക്സോ കേസിൽ ഏഷ്യാനെറ്റ് ന്യൂസ് കണ്ണൂർ റിപ്പോർട്ടർ സാനിയോ മനോമിയെ പൊലീസ് ചോദ്യംചെയ്തു. സിറ്റി പൊലീസ് കമീഷണർക്കു ലഭിച്ച പരാതിയിൽ കണ്ണൂർ ഇൻസ്പെക്ടർ ബിനുമോഹനും സംഘവുമാണ് ചൊവ്വാഴ്ച പകൽ സാനിയോ താമസിക്കുന്ന താണയിലെ വീട്ടിലെത്തി ചോദ്യംചെയ്തത്.

കണ്ണൂരിലെ സ്കൂളിൽ പഠിച്ചിരുന്ന പെൺകുട്ടിയുടെ അഭിമുഖം ആരാണ് ആദ്യം തയ്യാറാക്കിയത്, അതേ അഭിമുഖത്തിലെ ശബ്ദമാണോ രണ്ടാമത്തെ അഭിമുഖത്തിൽ, ആദ്യ അഭിമുഖത്തിലെ പെൺകുട്ടിയുടെ ചിത്രമാണോ രണ്ടാമത്തെ വീഡിയോയിൽ തുടങ്ങിയ കാര്യങ്ങളും അന്വേഷകസംഘം ചോദിച്ചു.

ആദ്യ അഭിമുഖം എടുത്തത് താനാണെന്ന് സാനിയോ സമ്മതിച്ചു. രണ്ടാമത്തെ അഭിമുഖത്തിലെ ശബ്ദം ആദ്യത്തിലേത് തന്നെയാണെന്നും പെൺകുട്ടി വേറെയാണെന്നും മൊഴി നൽകിയതായും അന്വേഷക സംഘം സൂചന നൽകി. ഈ വിവരങ്ങൾ പോക്സോ കേസ് അന്വേഷിക്കുന്ന കോഴിക്കോട് വെള്ളയിൽ പൊലീസിനു കൈമാറും. ഇതോടെ ആദ്യ അഭിമുഖത്തിലെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്ത് വ്യാജ അഭിമുഖം സൃഷ്ടിച്ചവർക്ക് കുരുക്ക് മുറുകി.

ചോദ്യം ചെയ്യലിൽ നിന്ന് രക്ഷപ്പെടാനായി മാറി നിൽക്കാൻ കണ്ണൂർ ബ്യൂറോയിലെ ജീവനക്കാർക്ക് ചാനൽ മേധാവികൾ കർശ്ശന നിർദ്ദേശം നൽകിയിരുന്നു. സാനിയോയെ മൊഴിയെടുക്കാൻ വിളിപ്പിച്ചെങ്കിലും അസൗകര്യം അറിയിച്ചു. തുടർന്നാണ് പൊലീസ് വീട്ടിലേക്ക് പോയത്. വ്യാജ വീഡിയോ നിർമ്മിച്ച പ്രതികളിലൊരാളായ നൗഫൽ ബിൻ യൂസഫിനെ കണ്ടെത്താനായില്ല. ബ്യൂറോയിലും വീട്ടിലുമില്ലെന്നാണ് പൊലീസിന് ലഭിച്ച മറുപടി.

Leave a Reply