
റൊമേനിയയിൽ നിന്ന് അഞ്ചാമത്തെ വിമാനവും ഇന്ന് ദില്ലിയിൽ എത്തി. 249 ഇന്ത്യക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 12 പേർ മലയാളികളാണ്. മൂന്ന് ദിവസത്തിനുള്ളിൽ 7 വിമാനങ്ങൾ കൂടി രക്ഷാദൌത്യത്തിന്റെ ഭാഗമാകും. യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ വലയുന്ന ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നത് ചർച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി അടിയന്തര യോഗം ചേർന്നു. ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാൻ എന്തൊക്കെ കാര്യം ചെയ്യണമെന്ന് യോഗം ചർച്ച ചെയ്തു. വിവിധ മുഖ്യമന്ത്രിമാർ നൽകിയ കത്തുകളും യോഗത്തിൽ ചർച്ചയായി. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാൻ കൂടുതൽ ലോക രാജ്യങ്ങളുടെ സഹകരണം തേടാൻ തീരുമാനിച്ചു. റഷ്യയുടെ ഭാഗത്ത് നിന്നുള്ള സഹകരണം എങ്ങനെയാകും എന്നതും യോഗം ചർച്ച ചെയ്തു.