മുഖ്യമന്ത്രി പ്രഖ്യാപിച്ച ഫയൽ തീർപ്പാക്കൽ യഞ്ജം പാളി,കെട്ടിക്കിടക്കുന്നത് അഞ്ചര ലക്ഷത്തോളം ഫയലുകൾ. സെപ്തംബര്‍ മുപ്പതിനകം ഫയൽ തീര്‍പ്പാക്കാൻ കര്‍ശന നിര്‍ദ്ദേശം നൽകിയിരുന്നെങ്കിലും പകുതി ഫയലുകളിൽ പോലും തീര്‍പ്പുണ്ടായില്ല. ഓരോ ഫയലും ഓരോ ജീവിതമാണെന്ന വിഖ്യാത പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് ഫയൽ തീര്‍പ്പാക്കൽ തീവ്ര യജ്ഞം പ്രഖ്യാപിച്ചത്. ജൂൺ 15 മുതൽ സെപ്തംബര്‍ 30 വരെ തീരുമാനിച്ചത് പ്രത്യേക കര്‍മ്മ പദ്ധതി.ഓഗസ്റ്റ് 15 വരെയുള്ള കണക്ക് അനുസരിച്ച് സെക്രട്ടേറിയറ്റിലേലും വിവിധ ഡയറക്ടേറ്റുകളിലും കെട്ടിക്കിടക്കുന്നത് 8,53,088 ഫയൽ. അതിൽ തീര്‍പ്പാക്കിയത് 3, 28,910 ഫയൽ, തീര്‍പ്പ് കാത്തിരിക്കുന്നത് 5,24,178 ഫയൽ. അതായത് തീവ്ര യജ്ഞം പ്രഖ്യാപിച്ചിട്ടും തീര്‍പ്പാക്കിയത് വെറും 38 ശതമാനം ഫയൽ മാത്രം.സെപ്തംബര്‍ മുപ്പതെന്ന സമയപരിധി തീരുമ്പോൾ സെക്രട്ടേറിയറ്റിൽ മാത്രം രണ്ട് ലക്ഷത്തോളം ഫയൽ കെട്ടിക്കിടക്കുകയാണ്. ആരോഗ്യം വിദ്യാഭ്യാസം തദ്ദേശ ഭരണ വകുപ്പുകളാണ് ഫയൽ തീര്‍പ്പാക്കൽ യജ്ഞത്തിൽ വളരെ പിന്നിൽ.