Spread the love

സിനിമയെ സംബന്ധിച്ച് മികച്ച വര്‍ഷമായിരുന്നു ഇത്. മഞ്ഞുമ്മല്‍ ബോയ്സ് എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ വിജയം സംഭവിച്ച വര്‍ഷം പ്രേമലു, ഭ്രമയുഗം, ആടുജീവിതം, ആവേശം തുടങ്ങി മറുഭാഷക്കാരും തിയറ്ററുകളിലെത്തി കണ്ട നിരവധി ചിത്രങ്ങള്‍ ഉണ്ടായി. വര്‍ഷം അവസാനിക്കുംമുന്‍പ് എത്തിയ ഒരു ചിത്രവും തിയറ്ററുകളിലേക്ക് ആളെ കൂട്ടുകയാണ്. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോ ആണ് അത്.

കേരളത്തില്‍ നിന്ന് ആദ്യ ദിനം നാലര കോടിക്ക് മുകളില്‍ നേടിയ ചിത്രത്തിന്‍റെ ആഗോള ഓപണിംഗ് 10.8 കോടിയാണ്. ഉണ്ണി മുകുന്ദന്‍റെ കരിയര്‍ ബെസ്റ്റ് ഓപണിംഗ് ആണ് ഇത്. ആദ്യ ദിനത്തേക്കാള്‍ കളക്ഷന്‍ രണ്ടാം ദിനം വരുമെന്നാണ് കരുതപ്പെടുന്നത്. ഇപ്പോഴിതാ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില്‍ ചിത്രം കഴിഞ്ഞ 24 മണിക്കൂറുകളില്‍ വിറ്റ ടിക്കറ്റുകളുടെ എണ്ണം പുറത്തെത്തിയിരിക്കുകയാണ്. റിലീസ് ദിനം രാത്രി മണിക്കൂറുകളില്‍ 14,000 ടിക്കറ്റുകള്‍ വരെ മാര്‍ക്കോയുടേതായി വിറ്റിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് അവസാന 24 മണിക്കൂറില്‍ 1.95 ലക്ഷം ടിക്കറ്റുകളാണ് ചിത്രം ബുക്ക് മൈ ഷോയില്‍ വിറ്റിരിക്കുന്നത്.

ബുക്ക് മൈ ഷോ റേറ്റിംഗിലും ചിത്രം മുന്നിലാണ്. പത്തില്‍ 9.1 ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്ന റേറ്റിംഗ്. 15,000 ല്‍ അധികം വോട്ടുകള്‍ ലഭിച്ചതില്‍ നിന്നുള്ള ശരാശരി റേറ്റിംഗ് ആണ് ഇത്. മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയിരിക്കുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായാണ് ഉണ്ണി മുകുന്ദന്‍ എത്തിയിരിക്കുന്നത്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Leave a Reply