തിയേറ്ററിൽ ചിരിപ്പിച്ച് കൈയ്യടി നേടിയ ചിത്രമായിരുന്നു ആനന്ദ് മേനോൻ സംവിധാനം ചെയ്ത ‘വാഴ’. ആഗസ്റ്റ് 15 ന് തിയേറ്ററിലെത്തി മികച്ച പ്രതികരണം സ്വന്തമാക്കിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 40 കോടിയോളം നേടിയിരുന്നു. സെപ്റ്റംബർ 23ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്ററിലൂടെ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് മികച്ച അഭിപ്രായമാണ് ഒടിടിയിൽ നിന്നും ലഭിക്കുന്നത്.
ഈ വർഷം കണ്ടതിൽ ഏറ്റവും റിലേറ്റബിൾ ആയ സിനിമയാണ് ‘വാഴ’യെന്നും അവസാനത്തെ 30 മിനിറ്റ് കണ്ണ് നനയിച്ചെന്നുമാണ് ഒടിടി റിലീസിന് ശേഷമുള്ള പ്രതികരണങ്ങൾ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് പ്രേക്ഷകരിൽ നിന്നും സിനിമക്ക് നല്ല അഭിപ്രായം ലഭിക്കുന്നുണ്ട്. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ വിപിൻ ദാസ് തിരക്കഥയൊരുക്കിയ ചിത്രമാണ് ‘വാഴ’. ഒരുപാട് ആൺകുട്ടികളുടെ ആത്മകഥ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. മികച്ച വിജയം നേടിയ ‘വാഴ’യുടെ രണ്ടാം ഭാഗവും അണിയറക്കാർ പ്രഖ്യാപിച്ചിരുന്നു.
സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ജഗദീഷ്, നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട്, അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വാഴ 2, ബയോപിക് ഓഫ് ബില്യൺ ബ്രോസ് എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ബയോപിക് ഓഫ് ബില്യൺ ബോയ്സ് എന്നായിരുന്നു ആദ്യ ഭാഗത്തിന്റെ ടാഗ് ലെെന്‍. വാഴ സിനിമയുടെ അവസാനത്തിൽ തന്നെ ‘ഹാഷിറേ ടീം’ നായകരാകുന്ന രണ്ടാം ഭാഗത്തിന്റെ സൂചനകൾ ഉണ്ടായിരുന്നു. പിന്നീട് കണ്ടന്റ് ക്രിയേറ്റർമാരായ ഹാഷിർ, അർജുൻ, വിനായകന്, അലൻ എന്നിവരടങ്ങുന്ന ടൈറ്റിൽ പോസ്റ്റര്‍ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ട് വിപിൻ ദാസ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. മറ്റ് നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ടാകുമെന്നും വിപിൻ ദാസ് പറയുന്നു.