ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ അന്തിമ പട്ടികയായി. ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണി ഉള്‍പ്പെടെ നാലു കളിക്കാരെ നിലനിര്‍ത്തി. ധോണിക്ക് പുറമെ രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്ക്വാദ്, മൊയീന്‍ അലി എന്നിവരെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പേസ് ബൗളര്‍ ജസ്പ്രീത് ബുമ്ര, ഓള്‍ റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡ്, ബാറ്റര്‍ സൂര്യകുമാര്‍ യാദവ് എന്നിവരെയാണ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയതെന്ന് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. മുംബൈയുടെ ഓള്‍ റൗണ്ടറായ ഹാര്‍ദ്ദിക് പാണ്ഡ്യയെ ടീം കൈവിട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പിന്നര്‍ റാഷിദ് ഖാനെ കൈവിട്ട ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് പുറമെ ജമ്മു കാശ്മീര്‍ താരം അബ്ദുള്‍ സമദിനെയും ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ പേസ് വിസ്മയം ഉമ്രാന്‍ മാലിക്കിനെയുമാണ് നിലനിര്‍ത്തിയതെന്ന് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. നായകന്‍ കെ എല്‍ രാഹുലിനെ പഞ്ചാബ് കൈവിട്ടപ്പോള്‍ രാഹുലിന്റെ സഹ ഓപ്പണറായ മായങ്ക് അഗര്‍വാളിനെയും ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിംഗിനെയുമാണ് പഞ്ചാബ് നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണ്‍ വരെ ബാംഗ്ലൂരിനെ നയിച്ച വിരാട് കോലിക്കും ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ര്‍ മാക്സ്വെല്ലിനും പുറമെ പേസ് ബൗളര്‍ മുഹമ്മദ് സിറാജിനെയാണ് ബാംഗ്ലൂര്‍ മൂന്നാമതായി നിലനിര്‍ത്തിയതെന്ന് ഇന്‍എസ്പിഎന്‍ ക്രിക്കിന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാന്‍ റോയല്‍സ് മലയാളി താരം സഞ്ജു സാംസണെ ഒന്നാമത്തെ കളിക്കാരനായി നിലനിര്‍ത്തി. എന്നാല്‍ മൂന്ന് കളിക്കാരെ മാത്രം നിലനിര്‍ത്തിയതിനാല്‍ സഞ്ജുവിന് 14 കോടി രൂപയാകും പ്രതിഫലം. ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയ മറ്റു കളിക്കാര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ട് വിദേശ താരങ്ങളെയും രണ്ട് ഇന്ത്യന്‍ താരങ്ങളെയുമാണ് നിലനിര്‍ത്തിയത്. ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസല്‍, വെങ്കടേഷ് അയ്യര്‍, മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി, സ്പിന്നര്‍ സുനില്‍ നരെയ്ന്‍ എന്നിവരെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിര്‍ത്തിയത്. ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്ത്, അക്സര്‍ പട്ടേല്‍, ഓപ്പണര്‍ പൃഥ്വി ഷാ, ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ട്യ എന്നിവരെ നിലനിര്‍ത്തി.