
യുക്രൈനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികളുടെ ഭാഗമായി ബുക്കാറെസ്റ്റിൽ നിന്ന് തിരിച്ച ആദ്യവിമാനം മുംബൈയിലെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം 1.45 ഓടെയാണ് റൊമാനിയന്‍ തലസ്ഥാനമായ ബുക്കെറെസ്റ്റിൽ പ്രത്യേക എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടത്.
‘ഓപ്പറേഷന്‍ ഗംഗ’ എന്ന പേരിട്ട ദൗത്യത്തിന്റെ ആദ്യ ഘട്ടത്തില്‍ 219 യാത്രക്കാരാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. ഇതില്‍ 27 പേര്‍ മലയാളികളാണെന്നാണ് നോര്‍ക്കയില്‍ നിന്ന് ലഭിക്കുന്ന വിവരം.
വിമാനത്തിലുള്ളവരെ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചു.മലയാളികൾ അടക്കമുള്ള മുഴുവൻ യാത്രക്കാരെയും സ്വീകരിക്കാൻ നോർക്ക റൂട്ട്സിന്റെ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ എത്തിയിരുന്നു.
വിമാനത്താവളത്തിലെത്തുന്ന മലയാളി വിദ്യാർത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാൻ നോർക്ക ഉദ്യോഗസ്ഥരും നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നു.