
കൊല്ലം : തീരത്ത് സൂക്ഷിച്ചിരുന്ന മത്സ്യബന്ധന വള്ളവും വലയും കടൽ ക്ഷോഭത്തിൽ നശിച്ചു. ശക്തികുളങ്ങര മൂലയിൽ തോപ്പ് ക്രിസ്റ്റഫർ ജോൺസന്റെ കാണിക്ക മാതാവ് എന്ന വള്ളമാണ് തിരയിൽ പെട്ട് തകർന്നത്.മരുത്തടി വളവിൽ തോപ്പ് വള്ളക്കടവിൽ മറ്റൊരു വള്ളവുമായി ചേർത്ത് വടം കെട്ടി സൂക്ഷിച്ചിരിക്കുകയായിരുന്നു. ശക്തമായ തിരയിൽപെട്ടു രണ്ടു വള്ളങ്ങളും ഒഴുകിപ്പോയി.
ക്രിസ്റ്റഫർ ജോൺസന്റെ ഫൈബർ ഗ്ലാസ് വള്ളം പാറക്കെട്ടിനു മുകളിലേക്ക് അടിച്ചു കയറിയാണ് തകർന്നത്. ഇതിൽ സൂക്ഷിച്ചിരുന്ന വലയും നഷ്ടമായി. 3 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ട്. ഇതിനോടൊപ്പം തിരയിൽപെട്ട വള്ളം മൺതിട്ടയിലേക്ക് അടിച്ചു കയറിയതിനാൽ കേടുപാട് ഉണ്ടായില്ല. ഫിഷറീസ്, മത്സ്യഫെഡ് അധികൃതരെ വിവരം അറിയിച്ചു.