Spread the love

ഫോർട്ട്കൊച്ചി∙ മത്സ്യബന്ധന യാനം വീണ്ടും ടൂറിസ്റ്റ് ജെട്ടിയിൽ ഇടിച്ചു. ജെട്ടിക്ക് ഭാഗികമായി കേടുപാടുണ്ടായി. സെന്റ് ആന്റണി എന്ന ബോട്ട് ആണ് ഇന്നലെ വൈകിട്ട് മൂന്നരയോടെ ജെട്ടിയിൽ ഇടിച്ചത്. കഴിഞ്ഞ ‍ഡിസംബർ 1ന് മത്സ്യബന്ധ ബോട്ട് ഇടിച്ച് ഭാഗികമായി തകർന്ന ജെട്ടിയുടെ പുനർ നിർമാണ പ്രവർത്തനങ്ങൾ നടന്നു വരുന്നതിനിടെയാണ് സംഭവം. 2 ആഴ്ച മുൻപ് നിയന്ത്രണം വിട്ട റോ– റോ ജങ്കാറും ജെട്ടിയിൽ ഇടിച്ചു. ജലഗതാഗത വകുപ്പിന്റെയും നഗരസഭയുടെയും യാത്രാ ബോട്ടുകളും ടൂറിസ്റ്റ് ബോട്ടുകളും അടുപ്പിക്കുന്ന ജെട്ടിയാണിത്. തൊട്ടടുത്തുള്ള പെട്രോൾ പമ്പിന് അടുത്ത് ആളെ ഇറക്കാനും കയറ്റാനുമായി നിർത്തുന്ന മത്സ്യബന്ധന യാനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ ജെട്ടിയിൽ ഇടിക്കുന്നത് പതിവായിരിക്കുന്നു.

ഇവിടെ യാനങ്ങൾ അടുപ്പിക്കുന്നത് നിരോധിച്ച് കലക്ടർ ഉത്തരവ് ഇറക്കിയെങ്കിലും അത് വകവെക്കാതെയാണ് ഇൻബോർഡ് വള്ളങ്ങളും ബോട്ടുകളും പമ്പിന് അടുത്ത് അടുപ്പിക്കുന്നത്. നിർമിതി കേന്ദ്രയുടെ നേതൃത്വത്തിലാണ് ജെട്ടിയുടെ നവീകരണം നടക്കുന്നത്. പെട്രോൾ പമ്പിന് സമീപം അനധികൃതമായി യാനങ്ങൾ അടുപ്പിക്കുന്നതിന് എതിരെ നടപടി സ്വീകരിക്കണമെന്ന് കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി നോഡൽ ഓഫിസർ ബോണി തോമസ് പറഞ്ഞു.

Leave a Reply