Spread the love

പ്രളയത്തിൽ തകർന്ന വാഴക്കാട് പ്രാഥമികാരോഗ്യകേന്ദ്രം രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യകേന്ദ്രമായി പുനർനിർമ്മിച്ചു. വിപിഎസ് ഹെൽത്ത് കെയർ റീബിൽഡ് കേരള ഇനീഷ്യേറ്റീവുമായി സഹകരിച്ചു കൊണ്ട് 10 കോടി രൂപ ചെലവഴിച്ചാണ് 2018-ൽ തകർന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിൻ്റെ പുനർനിർമ്മാണം പൂർത്തിയാക്കിയത്. മദ്രാസ് ഐഐടിയിലെ വിദഗ്ധർ കെട്ടിടത്തിൻ്റെ ഘടനയും തൃശൂർ ഗവണ്മെൻ്റ് എഞ്ചിനീയറിങ്ങ് കോളേജിലെ ആർക്കിടെക്ചർ വിദ്യാർഥികൾ കെട്ടിടത്തിൻ്റെ ഡിസൈനും തയ്യാറാക്കി.

15000 ചതുരശ്രയടി വിസ്തൃതിയുള്ള കുടുംബാരോഗ്യകേന്ദ്രത്തിൽ വിപുലവും ആധുനികവുമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എമർജൻസി റൂം, മിനി ഓപ്പറേഷൻ തിയറ്റർ, അത്യാധുനിക ലബോറട്ടറി, ഇമേജിങ്ങ് വിഭാഗം, കൺസൾട്ടിങ്ങ് റൂമുകൾ, നഴ്സിങ്ങ് സ്റ്റേഷൻ, മെഡിക്കൽ സ്റ്റോർ, വാക്സിൻ സ്റ്റോർ, സാമ്പിൾ കളക്ഷൻ സെൻ്റർ, വിഷൻ ആൻ്റ് ഡെൻ്റൽ ക്ലിനിക്, അമ്മമാർക്കും ഗർഭിണികൾക്കുമായുള്ള പ്രത്യേക മേഖലകൾ തുടങ്ങി അനവധി സൗകര്യങ്ങൾ ആരോഗ്യകേന്ദ്രത്തിൽ സജ്ജമായിരിക്കുന്നു. ആധുനിക കോൺഫറൻസ് ഹാളും ഓപ്പൺ ജിംനേഷ്യവും കുട്ടികൾക്കു വേണ്ടിയുള്ള കളിസ്ഥലവും, ഭിന്നശേഷിക്കാർക്ക് ആവശ്യമായ ലിഫ്റ്റ് റാമ്പ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ജനകീയ ആരോഗ്യ പദ്ധതിയായ ആർദ്രം മിഷൻ നമ്മുടെ ആരോഗ്യമേഖലയെ എത്രത്തോളം മുന്നോട്ടു കൊണ്ടുപോയി എന്ന് വ്യക്തമാക്കുന്ന മികച്ച പദ്ധതിയാണ് വാഴക്കാട് പൂർത്തിയായത്. ആ ആശയത്തിനൊപ്പം നിന്ന ഡോ. ഷംഷീർ വയലിൻ്റെ ഉടമസ്ഥതയിലുള്ള വിപിഎസ് ഹെൽത്ത് കെയറിനെ അഭിനന്ദിക്കുന്നു. ഈ ഉദ്യമം വിജയകരമായി സാക്ഷാൽക്കരിക്കാൻ കൈകോർത്ത റീബിൽഡ് കേരള ഇനീഷ്യേറ്റീവിനേയും പിന്തുണ നൽകിയ ആരോഗ്യവകുപ്പിനേയും അഭിനന്ദിക്കുന്നു. ജൂലൈ 24-ന് കുടുംബാരോഗ്യകേന്ദ്രം നാടിനു സമർപ്പിക്കും.

Leave a Reply