മൂവാറ്റുപുഴ: ഓമനിച്ചു വളർത്തിയ തത്തകളെ വീട്ടിലെ കൂടുകളിൽ നിന്നു പറത്തി വിടുന്ന തിരക്കിലാണ് മൂവാറ്റുപുഴയിൽ പക്ഷികളെ വളർത്തുന്നവർ. തത്തയെ കൂട്ടിലിട്ടു വളർത്തുന്നത് 3 വർഷം തടവും 25,000 രൂപയും ലഭിക്കാവുന്ന കുറ്റമാണെന്ന് പക്ഷികളെ വളർത്തിയിരുന്നവർ കഴിഞ്ഞ ദിവസമാണ് മനസ്സിലാക്കിയത്. വീട്ടിൽ തത്തയെയും മയിലിനെയും വളർത്തിയതിന് ആയവന തടത്തിൽ സതീഷിനെതിരെ വനംവകുപ്പ് കേസ് റജിസ്റ്റർ ചെയ്തതോടെ ആണ് ഓമനിച്ചു വളർത്തിയ തത്തയെയും ⅝മറ്റും ജനങ്ങൾ തിരക്കു പിടിച്ചു കൂടു തുറന്നു മോചിപ്പിക്കുന്നത്.
⁴
സതീഷിന്റെ വീട്ടിൽ വളർത്തിയിരുന്ന തത്തകളെയും മയിലിനെയും വനം വകുപ്പ് ഫ്ലയിങ് സ്ക്വാഡ് കസ്റ്റഡിയിൽ എടുത്തു. 4 മാസം പ്രായമുള്ള രണ്ട് മയിലിനെയും മൂന്ന് തത്തകളെയുമാണ് പിടികൂടിയത്. സംരക്ഷിത വിഭാഗമായ ഷെഡ്യൂൾ 4 വിഭാഗത്തിൽ ഉൾപെടുന്നതാണ് തത്തയും മയിലും. ഇവയെ വീടുകളിൽ വളർത്താൻ അനുമതിയില്ല. മൂലമറ്റം വനം വകുപ്പ് ഓഫിസിൽ നിന്ന് എത്തിയ ഫ്ലയിങ് സ്ക്വാഡ് ആണ് തത്തകളെയും മയിലുകളെയും കസ്റ്റഡിയിൽ എടുത്ത് കേസ് റജിസ്റ്റർ ചെയ്തത്.