ആലുവ∙ ഫുഡ് ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന പാലക്കാട് പട്ടിത്തറ സ്വദേശി എം. മഹേഷിനെ (18) ക്രൂരമായി മർദിച്ചു പല്ല് അടിച്ചു കളഞ്ഞ സംഭവത്തിൽ മുട്ടം തൈക്കാവ് പെട്രോൾ പമ്പിലെ 4 അതിഥിത്തൊഴിലാളികൾക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് നടപടി എടുത്തു. പ്രതികൾ ഒളിവിലാണ്. മഹേഷിന്റെ മുകൾനിരയിലെ ഒരു പല്ലാണ് നഷ്ടപ്പെട്ടത്. മറ്റൊരു പല്ല് ഇളകി നിൽപുണ്ട്. നെറ്റിയിലെ മുറിവിൽ 16 തുന്നലുണ്ട്.
മഹേഷ് ആവശ്യപ്പെട്ടതിലും കൂടുതൽ തുകയുടെ പെട്രോൾ അടിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തെ കുറിച്ചു പൊലീസ് പറഞ്ഞത്: പാതാളം കുറ്റിക്കാട്ടുകരയിൽ വാടകയ്ക്കു താമസിക്കുന്ന മഹേഷ് ദേശീയപാതയിൽ മുട്ടത്തുള്ള റസ്റ്ററന്റിൽ നിന്നു ഡെലിവറി എടുത്ത ശേഷം ബൈക്കിൽ പെട്രോൾ അടിക്കാൻ തൊട്ടടുത്തുള്ള പമ്പിൽ കയറി.
100 രൂപയ്ക്കു പെട്രോൾ അടിക്കാനാണ് ആവശ്യപ്പെട്ടതെങ്കിലും ജീവനക്കാരൻ 317 രൂപയുടെ പെട്രോൾ അടിച്ചു. തന്റെ കയ്യിൽ പണമില്ലെന്നു മഹേഷ് പറഞ്ഞപ്പോൾ പെട്രോൾ തിരികെ എടുക്കാമെന്നായി ജീവനക്കാർ. അവർ വണ്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ പെട്രോളും ഊറ്റിയെടുത്തു. ഇതു മറ്റൊരു പാത്രത്തിൽ ഒഴിക്കുന്നതിനിടെ കുറെ താഴെപ്പോയി. മഹേഷ് ഇതിനെതിരെ പമ്പ് മാനേജരോടു പരാതിപ്പെടാൻ പോയപ്പോഴാണ് സ്ഥലത്തുണ്ടായിരുന്ന 4 അതിഥിത്തൊഴിലാളികൾ ചേർന്നു ട്രാഫിക് ഡിവൈഡറും പ്ലാസ്റ്റിക് കോണും ഉപയോഗിച്ച് തല്ലിയത്.
പമ്പിൽ അബോധാവസ്ഥയിൽ കിടന്ന മഹേഷിനെ അവിടെ ഇന്ധനം അടിക്കാൻ എത്തിയവർ എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ് വിദ്യാർഥിയാണ് മഹേഷ്. കിടപ്പുരോഗിയായ അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം പോറ്റുന്നതിനാണ് 5 മാസമായി ഒഴിവു സമയങ്ങളിൽ ഡെലിവറി ബോയിയായി ജോലി ചെയ്യുന്നത്.