
മലപ്പുറം: നിലമ്പൂർ പൂക്കോട്ടും പാടത്ത് സെവൻസ് മത്സരത്തിനിടെ ഗാലറി തകർന്നു വീണ് അപകടം. കാണികളായ പത്തോളം പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം മഴ കാരണം മാറ്റിയ മത്സരമാണ് ഇന്ന് പൂക്കോട്ടും പാടത്ത് കെട്ടിയുണ്ടാക്കിയ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്നത്. കളി കാണാനായി 700 ഓളം പേരാണ് സ്റ്റേഡിയത്തിലെത്തിയത്. ഭാരം കൂടിയതോടെ മുള കൊണ്ടുണ്ടാക്കിയ സ്റ്റേഡിയത്തിന്റെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു. ആരുടേയും പരുക്ക് ഗുരുതരമല്ല. കളി പുനരാരംഭിച്ചു.
മലപ്പുറത്ത് നേരത്തെയും സമാനമായ സംഭവങ്ങളുണ്ടായിരുന്നു. കഴിഞ്ഞ മാസം വണ്ടൂരിനടുത്ത് പൂങ്ങോട് ഫുട്ബോൾ ഗ്രൗണ്ടിലെ ഗ്യാലറി തകർന്ന് വീണ് നൂറോളം പേർക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ടൂര്‍ണമെന്‍റ് കമ്മിറ്റിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്ന് ആയിരത്തോളം പേര്‍ക്ക് സൗകര്യമുള്ള ഗ്രൗണ്ടില്‍ ഏഴായിരത്തോളം ആളുകളെയാണ് കളി കാണാൻ കയറ്റിയിരുന്നത്. മതിയായ സുരക്ഷിത്വമൊരുക്കാതിരുന്ന സംഘാടകര്‍ക്കെതിരെ കാളികാവ് പൊലീസ് കേസെടുക്കുകയായിരുന്നു.