ഇന്ന് രാവിലെ 9.30-ഓടെയാണ് തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ് പതിനെട്ട് വയസുള്ള പെൺകുട്ടി. മൃതദേഹം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്. ഇളയ സഹോദരനെ സ്കൂളിലാക്കാനായി താൻ പോയ സമയത്താണ് കുട്ടി തൂങ്ങി മരിച്ചതെന് അമ്മ പൊലീസിന് മൊഴി നൽകി. പല തവണ പെൺകുട്ടിയെ പ്രാതൽ കഴിക്കാനായി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. പിന്നീട് പെൺകുട്ടിയുടെ ഫോണിലേക്ക് വിളിച്ച് നോക്കി. അപ്പോൾ ഫോണും എടുത്തില്ല. തുടർന്ന് വാതിലിന് മുകളിലുള്ള കിളിവാതിലിലൂടെ കർട്ടൻ മാറ്റി നോക്കിയപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്. തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും പെൺകുട്ടി മരിച്ചിരുന്നു. മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും, കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിലും കൂട്ടബലാത്സംഗം ഉൾപ്പടെ മൂന്ന് പോക്സോ കേസുകളിലെ ഇരയാണ് ഈ പെൺകുട്ടി.