
അമ്മായിഅമ്മയുടെ സുഹൃത്ത് മർദിച്ചതായി യുവതിയുടെ പരാതി. ഭർത്താവിന്റെ അമ്മയുടെ ആൺസുഹൃത്താണ് തന്നെ മർദിച്ചതെന്ന് യുവതി പറഞ്ഞു. മുഖത്ത് ക്രൂരമായി ഇടിയേറ്റ പെരുമ്പാവൂർ സ്വദേശിനി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മർദനത്തിൽ യുവതിയുടെ മുഖത്തെ എല്ലിനും സാരമായ പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം അമ്മായിഅമ്മയും അവരുടെ ആൺസുഹൃത്തും തൃശൂർ കൊരട്ടിയിലെ വീട്ടിലെ മുറിയടച്ചിരുന്ന് സംസാരിക്കുന്നത് താൻ ഫോണിൽ റെക്കോർഡ് ചെയ്തതാണ് മർദനത്തിന് കാരണമെന്നാണ് യുവതി പറയുന്നത്. ഇത് രണ്ടാം തവണയാണ് യുവതി ആശുപത്രിയിലാകുന്നത്. ഭർതൃമാതാവും ആൺസുഹൃത്തും തന്നെ മർദിച്ചിരുന്നതായും പട്ടിണിക്കിട്ടെന്നും യുവതി പറയുന്നു. ഭർത്താവ് ജോലിക്ക് പോകുമ്പോൾ തന്നെ അമ്മായിഅമ്മ വീട്ടിലെ മുറിയിൽ ഭക്ഷണം പോലും നൽകാതെ പൂട്ടിയിടുമായിരുന്നുവെന്നും ടോയ്‌ലറ്റിലെ വെള്ളം കുടിച്ചായിരുന്നു ദാഹമകറ്റിയതെന്ന് യുവതി പറഞ്ഞു.ഇവരുടെ വീട്ടിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ താമസിക്കുന്നയാളാണ് അമ്മായി അമ്മയുടെ സുഹൃത്ത്. ഇയാളുമായുള്ള അമ്മായി അമ്മയുടെ സൗഹൃദം അതിരു വിടുന്നെന്നു തോന്നിയപ്പോൾ വിലക്കിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം എന്നാണ് യുവതി പറയുന്നത്. ഞായറാഴ്ച രാത്രി തൊട്ടടുത്തുള്ള വീട്ടിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇയാൾ അപ്രതീക്ഷിതമായി കയറി വന്ന് യുവതിയുടെ മുഖത്ത് ഇടിച്ചത്. ആശുപത്രിയിൽനിന്ന് അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തി മൊഴിയെടുത്തെങ്കിലും ഇയാളെ അറസ്റ്റു ചെയ്തില്ല. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.