Spread the love
  • ഓപ്പറേഷൻ ജാവ വലിയ ഹിറ്റായി മാറി. താങ്കളുടെ കഥാപാത്രവും .എന്തു തോന്നുന്നു?

തീർച്ചയായും വലിയ സന്തോഷം തോന്നുന്നു. വലിയ താരനിര ഒന്നുമില്ലാതെ ചെയ്ത സിനിമയാണത്. എന്റെ കഥാപാത്രം ജോയി വളരെ നന്നായെന്ന് പറഞ്ഞ് കുറേയധികം ആളുകൾ വിളിച്ചു. വലിയ സന്തോഷമുണ്ട്. യഥാർത്ഥത്തിൽ മറ്റൊരാൾ ചെയ്യാനിരുന്ന കഥാപാത്രമാണ്. അദ്ദേഹത്തിന് എന്തോ പ്രശ്നം വന്നത് കൊണ്ട് എന്നെ തേടിയെത്തി. ഇതുവരെ ചെയ്തതിലെ മികച്ച വേഷങ്ങളിൽ ഒന്നായി അത് മാറി. ഇപ്പോൾ കൂടുതൽ അവസരങ്ങൾ തേടി വരുന്നു. എന്തുകൊണ്ടും അത് വളരെ പോസിറ്റിവായി.

  • സ്ഥിരം പൊലീസ് വേഷങ്ങൾ. സെലക്ടീവ് ആവാനായി എന്ന് തോന്നുന്നുണ്ടോ?

ഒരിക്കലും ഇല്ല. കാരണം ഞാൻ സിനിമ ചെയ്ത് തുടങ്ങിയതേ ഉള്ളൂ. പൊലീസുകാരൻ എന്ന ഒരു കഥാപാത്രം ഒരു സിനിമയുടെ ചർച്ചയിൽ വരുമ്പോൾ മിനിമം എന്നെ ഓർക്കുന്നുണ്ടല്ലോ, പരിഗണിക്കുന്നുണ്ടല്ലോ എന്നാണ് ഞാൻ ചിന്തിക്കുന്നത്. പിന്നെ ഓരോ സിനിമയിലെ കഥാപാത്രത്തിനും ഓരോ വ്യത്യാസം ഉണ്ടല്ലോ. വേഷം ചിലപ്പോൾ മാറുന്നില്ലായിരിക്കാം. ബാഡ്ജിലോ മറ്റോ മാത്രമേ വ്യത്യാസം കാണൂ. പക്ഷേ ഓരോന്നും ഓരോ മാനറിസമാണ്. ഹെലൻ, സഖാവ്, ജാവ, വൺ എല്ലാം വ്യത്യസ്തമായിരുന്നു എന്നാണ് എന്റെ തോന്നൽ. ഇനി വരുന്ന സിനിമകളിൽ പൊലീസ് അല്ലാത്ത വേഷങ്ങളും ഉണ്ട്. അപ്പോ ആളുകളിലെ ഇത്തരം ചിന്തകൾ മാറും എന്ന് തന്നെയാണ് കരുതുന്നത്.

  • വണ്ണിലെ വേഷം , ഡയലോഗ് ഇല്ല. എന്നിട്ട് പോലും ഗംഭീരമായി ശ്രദ്ധിക്കപ്പെട്ടു അല്ലേ?

ശരിക്കും വലിയ വെല്ലുവിളി ആയിരുന്നു ആ കമാൻഡോ വേഷം. കാരണം മമ്മൂക്കക്കൊപ്പം ഭൂരിഭാഗം സീനിലും നിറഞ്ഞ് നിൽക്കുന്നൊരാൾ. പക്ഷേ ഡയലോഗില്ല. ശരീരഭാഷ, ആംഗ്യങ്ങൾ, എന്തിന് കണ്ണിന്റെയോ കയ്യിന്റെയോ ചലനം പോലും പ്രധാനം. ശരിക്കും അത്തരം വിഐപി സെക്യൂരിറ്റി വിങ്ങിലുള്ള ഒരാൾ എങ്ങനെ പെരുമാറുന്നു എന്ന് നമ്മൾ ചിലപ്പോൾ ശ്രദ്ധിക്കാറ് പോലും ഇല്ല. നിത്യജീവിതത്തിൽ കാണുന്ന തരം പൊലീസുകാരനല്ല അയാൾ. അതിൽ സഹായിച്ചത് അഭിനയിക്കാൻ വന്ന യഥാർത്ഥ സുരക്ഷാ ഉദ്യോഗസ്ഥരാണ്. അവർ പറഞ്ഞ് തന്ന കാര്യങ്ങൾ കൊണ്ടാണ് ആ വേഷം ഭംഗിയാക്കാൻ സാധിച്ചത്.

  • മമ്മൂക്കയോടൊപ്പം അഭിനയിച്ച അനുഭവം എങ്ങനെ ഉണ്ടായിരുന്നു?

വ്യക്തിപരമായി മുൻപേ തന്നെ അടുപ്പമുള്ളയാളാണ് അദ്ദേഹം. പരോളിൽ മമ്മൂക്കയ്ക്ക് ഒപ്പം ഒരു സീനിൽ അഭിനയിച്ചു. വണ്ണിൽ എപ്പോഴും ഒപ്പം നടക്കുന്നയാളാണ്. വലിയ ഒരു നടന്റെ കൂടെ അഭിനിയിക്കുന്ന എല്ലാ ടെൻഷനും ഉണ്ടായിരുന്നു. അദ്ദേഹത്തെ പോലെ തന്നെ നമ്മളും ഇൻവോൾവ്ഡ് ആകണം. അദ്ദേഹത്തെയും കംഫർട്ടബിൾ ആക്കണം. പക്ഷേ മമ്മൂക്ക നന്നായി സഹായിച്ചു. അറിയാത്ത പല കാര്യങ്ങളും പറഞ്ഞുതന്നു. പല നിർദ്ദേശങ്ങളും മുന്നോട്ട് വച്ചു. അതൊക്കെ നന്നായി സഹായിച്ചു. അത്തരത്തിൽ വലിയ ഒരു എക്സിപീരിയൻസ് ആയിരുന്നു വൺ.

  • കുതിരവട്ടം പപ്പുവിന്റെ മകൻ എന്തുകൊണ്ട് സിനിമയിൽ എത്താൻ വൈകി?

അങ്ങനെ ചോദിച്ചാൽ സിനിമ കരിയർ ആക്കണം എന്ന് ആലോചിച്ചിരുന്നില്ല എന്നതാണ് സത്യം. ചിലപ്പോൾ അച്ഛന്റെ തിരക്കുകൾ ഒക്കെ കണ്ടത് കൊണ്ട് കൂടിയാവാം. പിന്നെ പഠനം കഴിഞ്ഞ് ബാംഗ്ലൂരിൽ പോയി അനിമേഷൻ രംഗത്ത് പ്രവർത്തിച്ചു. നല്ല രീതിയിൽ ജോലിയുമായി മുന്നോട്ട് പോവുകയായിരുന്നു. സിനിമ ഇഷ്ടമാണെങ്കിലും ആ രംഗത്ത് പ്രവർത്തിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചില്ല. പക്ഷേ അവിചാരിതമായി ചില അവസരങ്ങൾ വന്നു. അതൊന്നും തള്ളിക്കളയാൻ തോന്നിയില്ല. കാരണം എത്രയോ പേർ അവസരങ്ങൾക്കായി ബുദ്ധിമുട്ടുമ്പോൾ ഇങ്ങോട്ട് വന്ന അവസരങ്ങൾ തള്ളരുതെന്ന് തോന്നി. അങ്ങനെ 2013ൽ സിനിമയിൽ എത്തി.

  • അവസരങ്ങൾ തേടി വന്നതോടെ സജീവമാകാൻ തീരുമാനിക്കുകയായിരുന്നോ?

അഭിനയിക്കാൻ അവസരം കിട്ടി. പിന്നാലെ അസിസ്റ്റന്റ് ഡയറക്ട്റും അസോസിയേറ്റ് ഡയറക്ടറും ആയി. യഥാർത്ഥത്തിൽ എന്റെ ജോലിക്ക് അത് കൂടുതൽ സഹായകരമാകും എന്ന നിലയിൽ സിനിമ ഉണ്ടാക്കുന്നത് ആണ് കൂടുതലായും പഠിക്കാൻ ശ്രമിച്ചത്. ‘മായാനദി’ക്ക് ശേഷമാണ് സിനിമ ഒരു കരിയറായി എടുക്കണം എന്ന് തോന്നിയത്.

  • സംവിധാനമാണോ അഭിനയമാണോ കൂടുതൽ നല്ലതായി തോന്നിയത്?

അത് പറയുക സാധ്യമല്ല. അഭിനയത്തിൽ കൂടുതൽ അവസരങ്ങൾ കിട്ടുന്നുണ്ട്. അത് ശ്രദ്ധിച്ച് തന്നെ ചെയ്യണം എന്ന ബോധ്യവുമുണ്ട്. കാരണം അഭിനയിക്കുന്നതിൽ അച്ഛന്റെ പേര് കളയരുതല്ലോ. വെറുതെ വന്ന് അഭിനയിച്ച് പോയതുകൊണ്ട് കാര്യമില്ല. കുതിരവട്ടം പപ്പു എന്ന അച്ഛന്റെ പേര് കളയാതെ നന്നായി അഭിനയിക്കാം. അല്ലെങ്കിൽ വേണ്ട. അതാണ് തീരുമാനം. പക്ഷേ ഇതുവരെ മോശമായി ആരും ഒന്നും പറഞ്ഞില്ല എന്ന ആത്മവിശ്വാസമുണ്ട്. അതോടൊപ്പം സംവിധായകനാവുക എന്നത് വലിയ സ്വപ്നം തന്നെയാണ്.

  • സംവിധാനരംഗത്തേക്ക് ഉടൻ ഉണ്ടോ?

ഒരു പടത്തിന്റെ ചർച്ചകളിൽ ആയിരുന്നു. ഉടൻ ചെയ്യണമെന്ന് തന്നെയായിരുന്നു ആഗ്രഹം. പക്ഷേ കോവിഡ് കാരണം അത് തൽക്കാലം നിർത്തി വച്ചു. ഇപ്പോൾ അഭിനയിക്കാം, ഒരു രണ്ട് വർഷമെടുത്ത് മതി സംവിധാനം എന്ന് ചിന്തിക്കുന്നു.

  • അച്ഛനെ അറിയുന്നവർ എന്താണ് പറയാറുള്ളത്?

അച്ഛന്റെ കൂടെ പ്രവർത്തിച്ച പലരും ഉണ്ട്. അവരൊക്കെ ഞാൻ നന്നായി ചെയ്യുന്നു എന്ന് പറയുമ്പോൾ, കൂടെ ജോലി ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറയുമ്പോൾ വലിയ സന്തോഷം ഉണ്ട്. ഒപ്പം പ്രേക്ഷകരും നാട്ടുകാരും എല്ലാം അച്ഛന് നൽകുന്ന സ്നേഹവും പരിഗണനയും തരുമ്പോൾ അത് ആസ്വദിക്കുന്നു.

  • തിരക്കുള്ള നടന്റെ മകൻ എന്ന തരത്തിൽ, കുട്ടിക്കാലം എങ്ങനെ ആയിരുന്നു?

വല്ലപ്പോഴുമാണ് അച്ഛനെ കാണാൻ കിട്ടിയിരുന്നത്. വീട്ടിൽ വന്നാൽ അച്ഛൻ സാധാരണക്കാരനല്ലേ. കൈലിയൊക്കെയുടുത്ത് ഷർട്ട് പോലും ഇടാതെ മീനൊക്കെ വാങ്ങാൻ പോയിരുന്ന ആളാണ്. അച്ഛൻ ഏറ്റവും തിരക്കുള്ള സമയത്ത് ഞാൻ കുട്ടിയാണ്. പലയിടത്തും ചെല്ലുമ്പോൾ ഇന്നയാളുടെ മകൻ എന്ന രീതിയിൽ ആരെങ്കിലും പരിചയപ്പെടുത്തും. അത് ഒരു സന്തോഷം തന്നെയാണ്. പക്ഷേ ആ ലേബലിൽ ഒന്നും നേടിയെടുക്കാനൊന്നും ശ്രമിച്ചിട്ടില്ല. അക്കാലത്ത് എല്ലാ താരങ്ങളും അങ്ങനൊക്കെ തന്നെയായിരുന്നു എന്നാണ് തോന്നുന്നത്.

  • അച്ഛനായിരുന്നോ ഇഷ്ടതാരം?

അങ്ങനെ പറഞ്ഞുകൂട. അച്ഛന്റെ സിനിമകളെല്ലാം കാണാറുണ്ട് ആസ്വദിക്കാറുണ്ട്. അച്ഛന്റെ കൂടെ തിയറ്ററിൽ പോയി സിനിമകൾ കണ്ടിരുന്നു. സ്കൂൾ അവധിയുള്ളപ്പോൾ ലൊക്കേഷനിലും പോയിരുന്നു. അച്ഛൻ പോയ ശേഷവും ദിവസവും അദ്ദേഹത്തിന്റെ സിനിമകൾ കാണാനാവുന്നുണ്ടല്ലോ. ടിവിയിലും മൊബൈലിലും ഒക്കെയായി. ഒരു കോമഡി രംഗമെങ്കിലും കാണിക്കാത്ത ദിവസം ഇല്ലല്ലോ. പൂച്ചക്കൊരു മൂക്കുത്തിയൊക്കെ എത്ര കണ്ടാലാണ് മതിയാവുക. പക്ഷേ ജഗതി ചേട്ടൻ ഉൾപ്പടെ മറ്റു അഭിനേതാക്കളെയെല്ലാം വളരെ ഇഷ്ടമാണ്.

  • ജയരാജിന്റെ നവരസങ്ങളിൽ രൗദ്രത്തിൽ അഭിനയിച്ചു. എങ്ങനെയാണ് കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നത്?

തരുൺ മൂർത്തിയുടെ ജാവ, ജയരാജ് സാറിന്റെ നവരസം അങ്ങനെ എല്ലാതരം ആളുകൾക്കൊപ്പവും പ്രവർത്തിക്കുന്നത് ഭാഗ്യമല്ലേ. രൗദ്രത്തിൽ നാല് പ്രധാന കഥാപാത്രങ്ങളിൽ ഒന്നാണ്. അദ്ദേഹം പരിഗണിച്ചു എന്നത് തന്നെ വലിയ കാര്യമല്ലേ. അങ്ങനെ ഏത് തരം കഥാപാത്രങ്ങളും ചെയ്യാൻ ഒരു മടിയുമില്ല. നെഗറ്റീവ് കഥാപാത്രങ്ങൾ ആയാലും സന്തോഷത്തോടെ സ്വീകരിക്കും. പക്ഷേ കഥാപാത്രത്തെക്കുറിച്ച് എനിക്ക് തന്നെ ഒരു ആത്മവിശ്വാസം തോന്നണം എന്ന് മാത്രം.

  • അടുത്ത പ്രോജക്ടുകൾ ഏതൊക്കെയാണ്?

നാല് സിനിമകൾ ഇപ്പോൾ പൂർത്തിയായിക്കഴിഞ്ഞു. അഷ്റഫ് ഹംസ സംവിധാനം ചെയ്ത, കുഞ്ചാക്കോ ബോബൻ നായകൻ ആയ ഭീമന്റെ വഴി . ദുൽഖർ നായകനായ റോഷൻ ആൻഡ്രൂസിന്റെ സല്യൂട്ടിലും ഒരു നല്ല വേഷമാണ്. മുത്തുഗൗ സിനിമ ചെയ്ത വിപിന്റെ അന്താക്ഷരിയിൽ സൈജു കുറുപ്പാണ് നായകൻ. ഹ്വിഗ്വിറ്റ എന്നൊരു സിനിമ കൂടി ചെയ്തു. സുരാജ് വെഞ്ഞാറമൂട്, ധ്യാൻ ശ്രീനിവാസ് ഒക്കെയാണ് പ്രധാന വേഷങ്ങളിൽ . ടൊവിനോ നായകനായ കല്ലുമാല ഇനി ചെയ്യാനുണ്ട്. ഒപ്പം മറ്റു പല പ്രോജക്ടുകളും ചർച്ച നടക്കുന്നു.

  • ഓടിടി പ്ലാറ്റ് ഫോമുകൾ കൂടുതൽ ജനകീയമായി എന്ന് തോന്നുന്നുണ്ടോ? ജാവ തീയറ്ററിൽ നിന്ന് ഓടിടിയിൽ എത്തിയപ്പോഴും വലിയ ചർച്ചയായല്ലോ?

സിനിമ തിയറ്റർ വിട്ട് ടിവിയിൽ വരുന്നത് വരെ കാത്തിരിക്കുന്നതിന് പകരം ഇപ്പോൾ ഓടിടി പ്ലാറ്റ്ഫോമിൽ കാണാനാകും. ഓപ്പറേഷൻ ജാവ കൊവിഡ് സാഹചര്യത്തിൽ തീയറ്ററിൽ എത്തിയ സിനിമയാണ് .75 ദിവസത്തിലധികം തീയറ്ററുകളിൽ ഓടി. പക്ഷേ പലർക്കും കാണാൻ സാഹചര്യം ഉണ്ടായില്ല. ഇപ്പോൾ ഓടിടിയിൽ റിലീസ് ചെയ്തപ്പോൾ അതിനെക്കാൾ നല്ല പ്രതികരണമാണ് കിട്ടിയത്.ചെറിയ ബജറ്റിലുള്ള സിനിമകൾക്ക് ഓടിടി ഒരു അവസരം തന്നെയാണ്. എങ്കിലും തിയറ്റർ എക്സ്പിരിയൻസ് ഒന്നുവേറെ തന്നെയാണ്. പ്രതിസന്ധികൾ എല്ലാം അവസാനിച്ച് തീയറ്ററുകൾ ഹൗസ് ഫുള്ളാവുന്ന സിനിമാക്കാലം തന്നെയാണ് കാത്തിരിക്കുന്നത്.

Leave a Reply