പ്രോസിക്യൂഷനെ കേൾക്കാൻ കോടതി തയ്യാറായില്ല എന്ന് ചൂണ്ടിക്കാട്ടി പി സി ജോർജിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചു. പി സി ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു എന്നും ഹർജിയിൽ പറയുന്നു. സർക്കാരിന്‍റെ അപേക്ഷ ഫയലിൽ സ്വീകരിച്ച തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, കേസ് അടുത്ത ബുധനാഴ്ച പരിഗണിക്കും. മതവിദ്വേഷ പ്രസംഗം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പി സി ജോർജിന് മണിക്കൂറുകള്‍ക്കുള്ളിൽ ആണ് ജാമ്യം ലഭിച്ചത്. മുൻ ജനപ്രതിനിധിയായ ജോർജിന് ആരോഗ്യപ്രശ്നങ്ങളുണ്ട്. അതിനാൽ ഉപാധികളോടെ ജാമ്യം അനുവദിക്കുന്നവെന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. 50000 രൂപയുടെ ബോണ്ടിൽ ഉപാധികളോടെയാണ് ജാമ്യം.