Spread the love


സംസ്ഥാനത്ത് 5650 കോടിയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ.


തിരുവനന്തപുരം : കോവിഡും ലോക്ഡൗണും മൂലം ചെറുകിട വ്യാപാരികളും വ്യവസായികളും കർഷകരും അനുഭവിക്കുന്ന പ്രതിസന്ധി നേരിടാൻ 5650 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പ്രഖ്യാപിച്ചു.ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളിൽനിന്നു നാളെ മുതൽ എടുക്കുന്ന 2 ലക്ഷം രൂപ വരെയുള്ള വായ്പകളിൽ പലിശയുടെ 4 % അടുത്ത 6 മാസത്തേക്കു സർക്കാർ വഹിക്കും. ഒരു ലക്ഷം പേർക്കാകും ഈ ആനുകൂല്യം.സർക്കാർ ഉടമസ്ഥതയിലുള്ള മുറികളുടെ വാടകയും ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെ കെട്ടിട നികുതിയും വൈദ്യുതി ഫിക്‌സ്ഡ് ചാർജും ജൂലൈ മുതൽ ഡിസംബർ 31 വരെ ഒഴിവാക്കി.
കെഎഫ്സി 850 കോടി രൂപയുടെയും കെഎസ്എഫ്ഇ 300 കോടി രൂപയുടെയും ഇളവുകൾ നൽകും. 2 മാസത്തെ ക്ഷേമപെൻഷന് 1700 കോടി രൂപയും ഓണത്തിനുള്ള ഭക്ഷ്യക്കിറ്റിന് 526 കോടിയും ഉൾപ്പെടെയാണു പാക്കേജ്. 
കോവിഡ് പ്രതിസന്ധിക്കിടെ സർക്കാർ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ സാമ്പത്തിക പാക്കേജ് ആണിത്. ലോക്ഡൗൺ നിയന്ത്രണങ്ങൾക്കെതിരെ സംസ്ഥാനമെങ്ങും വ്യാപാരികളുടെ പ്രതിഷേധം രൂക്ഷമാകുന്നതിനിടെയാണു പുതിയ പ്രഖ്യാപനം.

സംരംഭകർക്ക് ഉദാരവായ്പ സൗകാര്യമൊരുക്കി കെഎഫ്സി

• സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് ഒരു കോടി രൂപ വരെ ഈടില്ലാതെ വായ്പ അനുവദിക്കാൻ 50 കോടി രൂപ.
• കോവിഡ് ബാധിച്ച കുടുംബങ്ങൾക്കുള്ള ഒരു ലക്ഷം രൂപയുടെ വായ്പപദ്ധതി സെപ്റ്റംബർ 30 വരെ നീട്ടി.
• വ്യവസായ എസ്റ്റേറ്റുകളിലെ സംരംഭങ്ങൾക്ക് 20 കോടി രൂപ വരെ പ്രത്യേക വായ്പ. ഇതിനായി 500 കോടി മാറ്റിവയ്ക്കും.
• മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിയിൽ ഈ വർഷം 500 സംരംഭങ്ങൾക്ക് 5 % പലിശ നിരക്കിൽ ഒരു കോടി രൂപ വരെ വായ്പ. മാർച്ച് 31 വരെ വായ്പകളുടെ പലിശ കൃത്യമായി തിരിച്ചടച്ച 820 പേർക്ക് അടുത്ത ജൂലൈ വരെ മൊറട്ടോറിയം.
• സംരംഭങ്ങൾക്കുള്ള അധിക വായ്പയുടെ പരിധി 20 % ആയിരുന്നത് 40 % ആക്കി. ഇതിനായി 450 കോടി രൂപ അനുവദിച്ചു.
• കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യവസായങ്ങൾക്ക് ഉൽപന്ന നിർമാണത്തിന്റെ 90 % വരെ വായ്പ.
• ചെറുകിട വ്യവസായങ്ങൾക്കും ആരോഗ്യ, ടൂറിസം മേഖലകൾക്കുമുള്ള വായ്പ പലിശ 9.5 % ആയിരുന്നത് 8 % ആയി കുറച്ചു. ഉയർന്ന പലിശ 12 % ആയിരുന്നതു 10.5 % ആക്കി.

കെഎസ്എഫ്ഇയുടെ പുതിയ വായ്പ, ചിട്ടി ഇളവുകൾ

• വായ്പകളുടെ പിഴപ്പലിശ സെപ്റ്റംബർ 30 വരെ ഒഴിവാക്കി.
•ചിട്ടി കുടിശികക്കാർക്കു സെപ്റ്റംബർ 30 വരെ 50– 100 % പലിശ / പിഴപ്പലിശ ഇളവ്.
• സെപ്റ്റംബർ 30 വരെ ചിട്ടി പിടിച്ച ചിറ്റാളന്മാർക്കു ഡിവിഡന്റ് നഷ്ടമാകില്ല.
•ജനുവരി 20 മുതൽ അടവു മുടങ്ങിയ ചിട്ടി പിടിക്കാത്ത ചിറ്റാളന്മാർക്കു പലിശ / പിഴപ്പലിശ ഇളവ്.

Leave a Reply