Spread the love

നാലായിരത്തിലധികം റേഷൻ കാർഡ് ഉടമകളുടെ മുൻഗണനാ പദവി റദ്ദാക്കി സർക്കാർ ;കാരണം റേഷനും ഭക്ഷ്യക്കിറ്റും വാങ്ങാത്തത്.


തിരുവനന്തപുരം : ആറു മാസത്തോളമായി റേഷനോ സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റോ വാങ്ങാതിരുന്ന നാലായിരത്തിൽപരം  റേഷൻ കാർഡ് ഉടമകളുടെ മുൻഗണന പദവി സർക്കാർ റദ്ദാക്കി. അന്ത്യയോജന അന്നയോജന (എഎവൈ) എന്ന മുൻഗണനാ വിഭാഗം കാർഡ് ഉടമകളായ ഇവരെ മുൻഗണന ഇതര വിഭാഗത്തിലേക്കു (വെള്ള കാർഡ്) ഭക്ഷ്യ പൊതുവിതരണ വകുപ്പ് മാറ്റി. ഏറ്റവും ദരിദ്രവിഭാഗങ്ങൾക്കു നൽകുന്നതാണ് മഞ്ഞ നിറത്തിലുള്ള എഎവൈ കാർഡ്.
കേന്ദ്രത്തിൽ നിന്നു സംസ്ഥാനത്തിനുള്ള റേഷൻ വിഹിതം കൂടാത്തതിനു പ്രധാന കാരണം മുൻഗണന വിഭാഗത്തിലെ കാർഡ് ഉടമകളിൽ ചിലരെങ്കിലും റേഷൻ വാങ്ങാത്തതാണെന്നു ഭക്ഷ്യ പൊതുവിതരണ വകുപ്പ് വിലയിരുത്തിയിരുന്നു. എഎവൈ കാർഡിന് ഒരു മാസത്തെ സാധാരണ റേഷൻ വിഹിതമായി 30 കിലോ അരിയും നാലു കിലോ ഗോതമ്പും ലഭിക്കും. പുറമേ ഒരു പായ്ക്കറ്റ് ആട്ട 6 രൂപയ്ക്കും ഒരു കിലോ പഞ്ചസാര 21 രൂപയ്ക്കും നൽകും. കൂടാതെ, കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന (പിഎംജികെഎവൈ) പദ്ധതി പ്രകാരം കോവിഡ് കാലം കണക്കിലെടുത്തുള്ള സൗജന്യ റേഷനുമുണ്ട്. കാർഡിലെ ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് ഇങ്ങനെ സൗജന്യം.
ഒക്ടോബർ മാസവും മഞ്ഞ, പിങ്ക് കാർഡുകൾക്ക് പിഎംജികെഎവൈ പദ്ധതി പ്രകാരമുള്ള സൗജന്യ റേഷൻ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ കോവിഡ് കാലത്ത് അതിജീവന സഹായമെന്ന നിലയിൽ നൽകിയ കിറ്റ് വിതരണം അവസാനിപ്പിച്ചതിനു പിന്നാലെ റേഷൻ വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ കുറവ്. സെപ്റ്റംബർ മാസം 20.84 ലക്ഷം കാർഡ് ഉടമകൾ റേഷൻ വാങ്ങിയില്ലെന്നാണു ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കണക്ക്.

Leave a Reply