ഡ്രൈവ് ത്രൂ വാക്സിനേഷൻ സൗകര്യമൊരുക്കി സർക്കാർ ;ഇനി, വാഹനത്തിലിരുന്ന് വാക്സീൻ കുത്തിവയ്പ്.
തിരുവനന്തപുരം : വാഹനത്തിൽ നിന്നു പുറത്തിറങ്ങാതെ കോവിഡ് വാക്സീൻ സ്വീകരിക്കാൻ സൗകര്യമൊരുക്കുന്ന സംസ്ഥാനത്തെ ആദ്യ ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്റർ വഴുതക്കാട്ടെ ഗവ.വിമൻസ് കോളജിൽ ആരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കും. ഓൺലൈനായി റജിസ്റ്റർ ചെയ്ത് ഇവിടെ എത്തുന്നവർക്കു വാഹനത്തിൽ ഇരുന്നു തന്നെ റജിസ്ട്രേഷൻ വെരിഫൈ ചെയ്യാനും വാക്സീൻ സ്വീകരിക്കാനും നിരീക്ഷണ സമയം പൂർത്തിയാക്കാനും സാധിക്കും.
പദ്ധതി വിജയമായാൽ കൂടുതൽ ജില്ലകളിലേക്കു വ്യാപിപ്പിക്കുമെന്നു സെന്റർ സന്ദർശിച്ച മന്ത്രി വീണാ ജോർജ് അറിയിച്ചു. വാഹനത്തിൽ നിന്നു പുറത്തിറങ്ങാതെ കോവിഡ് വാക്സീൻ സ്വീകരിക്കാൻ സൗകര്യമൊരുക്കുന്ന കേരളത്തിലെ ആദ്യത്തെ ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്ററാണ് തിരുവനന്തപുരം ഗവ.വിമൻസ് കോളജിൽ പ്രവർത്തനം തുടങ്ങിയത്.
നടപടി ക്രമങ്ങൾ ഇങ്ങനെ:
• കോവിൻ പോർട്ടലിൽ ഗവ.വിമൻസ് കോളജ് സെന്ററായി റജിസ്റ്റർ ചെയ്യുക.
• നിർദേശിക്കുന്ന സമയത്ത് കൃത്യമായി എത്തുക. മുൻകൂട്ടിയെത്തി കാത്തിരിക്കേണ്ട.
• വാഹനങ്ങളിൽ എത്തുന്നവർക്കു പ്രധാന ഗേറ്റിലെ വോളന്റിയർമാർ ടോക്കൺ നൽകും.
• ഓഡിറ്റോറിയത്തിനു മുൻപിൽ സജ്ജമാക്കിയ കൗണ്ടറിൽ ഈ ടോക്കണുമായി വാഹനത്തിൽ തന്നെ എത്തുക.
• ആദ്യ കൗണ്ടറിൽ റജിസ്ട്രേഷൻ വെരിഫിക്കേഷൻ വാഹനത്തിലിരുന്നു പൂർത്തിയാക്കാം. ഉദ്യോഗസ്ഥർ വാഹനത്തിനടുത്ത് എത്തും.
• വെരിഫിക്കേഷൻ പൂർത്തിയാക്കി തൊട്ടടുത്തുള്ള വാക്സിനേഷൻ കൗണ്ടറിലേക്ക്.
• ഉടൻ കുത്തിവയ്പ്. ആരോഗ്യ പ്രവർത്തകർ എത്തി കുത്തിവയ്പെടുക്കും.
• ഓഡിറ്റോറിയത്തിനു സമീപത്തും മറ്റുമായി അരമണിക്കൂർ നിരീക്ഷണത്തിൽ കഴിയാൻ ഇരിപ്പിടങ്ങൾ. വാഹനത്തിലും വിശ്രമിക്കാം.
• സ്പോട് റജിസ്ട്രേഷൻ ഉണ്ടാവില്ല.