Spread the love

കൃഷിഭൂമിയിൽ വീടു വയ്ക്കാൻ അനുവതിക്കുന്ന നടപടികൾ ഓൺലൈനിലാക്കാൻ സർക്കാർ ;നടപടികൾ അന്തിമഘട്ടത്തിൽ.

തിരുവനന്തപുരം : കൃഷിഭൂമി പരിവർത്തനം ചെയ്തു വീടുവയ്ക്കാൻ അനുവദിക്കുന്ന നടപടികൾ ഓൺലൈനാക്കുന്നത് അന്തിമഘട്ടത്തിൽ. 1967ലെ ഭൂവിനിയോഗ നിയമം (കെഎൽയു), 2008ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം എന്നിവയിലെ വ്യവസ്ഥകൾ പ്രകാരമാണു വീടുവയ്ക്കാൻ പഞ്ചായത്തിൽ 10 സെന്റും നഗരസഭകളിൽ 5 സെന്റും കൃഷിഭൂമി പരിവർത്തനം ചെയ്യാൻ അനുമതി ലഭിക്കുന്നത്. കൃഷി, വില്ലേജ് ഓഫിസുകളും പഞ്ചായത്ത് അധികൃതരും നൽകുന്ന അനുമതി പരിശോധിച്ച് ആർഡിഒമാരാണ് ഇതിന് ഉത്തരവിടുന്നത്.
റവന്യു ഡിവിഷനൽ ഓഫിസ്, കൃഷി, താലൂക്ക്–വില്ലേജ് ഓഫിസുകൾ എന്നിവയെ ബന്ധപ്പെടുത്തി റവന്യു വകുപ്പിന്റെ സോഫ്റ്റ്‌വെയറായ റവന്യു ലാൻഡ് ഇൻഫർമേഷൻ സിസ്റ്റത്തിൽ (റെലിസ്) ലാൻഡ് കൺവേർഷൻ എന്ന മൊഡ്യൂൾ വികസിപ്പിച്ചു നടപ്പാക്കുന്നതാണ് അന്തിമഘട്ടത്തിലായത്.
കൃഷിഭൂമി പരിവർത്തനം ചെയ്യുന്നതിന്റെ രേഖകൾ ഡിജിറ്റലായി സൂക്ഷിച്ചു പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്നു 2 വർഷം മുൻപ് സർക്കാരിനു നിവേദനം ലഭിച്ചിരുന്നു. ഇതിന്റെ പുരോഗതിയെക്കുറിച്ച് ലാൻഡ് റവന്യു കമ്മിഷണറേറ്റ്, റവന്യു അഡീഷനൽ ചീഫ് സെക്രട്ടറിക്കു നൽകിയ റിപ്പോർട്ടിലാണ് മൊഡ്യൂളിന്റെ കാര്യം വ്യക്തമാക്കിയത്.2018 മുതൽ ഇ ഓഫിസ് സംവിധാനം നിലവിൽ വന്നെങ്കിലും റവന്യു വകുപ്പിൽ ഇത്തരം രേഖകൾ ഡിജിറ്റലായി ലഭ്യമല്ല. ഇ ഓഫിസ് നിലവിൽ വരുന്നതിനു മുൻപുള്ള ഉത്തരവുകൾ വില്ലേജ്, സബ് ഡിവിഷൻ തലങ്ങളിൽ ഡിജിറ്റൈസ് ചെയ്തു സൂക്ഷിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തേണ്ടി വരുമെന്നും റിപ്പോർട്ടിലുണ്ട്.
2019ൽ ആലുവ ചൂർണിക്കരയിൽ 21.21 സെന്റ് സ്ഥലം നികത്താൻ ലാൻഡ് റവന്യു കമ്മിഷണറേറ്റിന്റെ പേരിൽ വ്യാജരേഖ സൃഷ്ടിച്ചതു പുറത്തുവന്നതോടെയാണു രേഖകൾ ഡിജിറ്റൈസ് ചെയ്തു സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫോറം ഫോർ സോഷ്യൽ ആക്‌ഷൻ എന്ന സംഘടന നിവേദനം നൽകിയത്.
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം സ്വീകരിക്കുന്ന നടപടികളുടെ റജിസ്റ്റർ ആർഡിഒ, വില്ലേജ് ഓഫിസുകളിൽ സൂക്ഷിക്കാൻ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി 2020 ഒക്ടോബർ, നവംബർ മാസങ്ങളിലായി രണ്ടു തവണ നിർദേശിച്ചിട്ടും പല ഓഫിസുകളും നടപടി സ്വീകരിച്ചില്ല. റജിസ്റ്ററുകൾ സൂക്ഷിക്കുന്നുണ്ടോ എന്നു പരിശോധന നടത്താൻ ലാൻഡ് റവന്യു കമ്മിഷണറോട് കഴിഞ്ഞ മേയിൽ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.പുതിയ ഓൺലൈൻ നടപടി ക്രമങ്ങൾ അന്തിമഘട്ടത്തിലാണ്.

Leave a Reply