
പത്തടിപ്പാലത്ത് കൊച്ചി മെട്രോ തൂണിനുണ്ടായ ബലക്ഷയത്തെപ്പറ്റി കെഎംആര്‍എല്ലിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം, പാലാരിവട്ടം പാലം മാതൃകയില്‍ സ്വതന്ത്ര ഏജന്‍സിയൊക്കൊണ്ട് പരിശോധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. എന്നാല്‍ കൊച്ചി മെട്രോ നിര്‍മാണത്തിലെ പിഴവ് സംബന്ധിച്ച പരിശോധന കെഎംആര്‍എല്ലിലും ഡിഎംആര്‍സിയിലും മാത്രമായി ഒതുങ്ങുന്നതാണ് വിമര്‍ശിക്കപ്പെടുന്നത്. പിഴവ് പറ്റിയെന്ന് ഇ ശ്രീധരന്‍ തന്നെ സമ്മതിച്ച സാഹചര്യത്തിലാണ് മറ്റൊരു ഏജന്‍സിക്കൊണ്ട് പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്.
ആലുവ മുതല്‍ പേട്ടവരെ ആകെയുളള 975 മെട്രോ തൂണുകളില്‍ ഒരെണ്ണത്തിന് മാത്രമാണ് ബലക്ഷയമുളളത്, ബാക്കിയെല്ലാം സുരക്ഷിതമാണ്. സാങ്കേതികമായ പിഴവ് ബലക്ഷയത്തിന് കാരണമായിട്ടുണ്ടാകാം. ബലക്ഷയം കണ്ട പത്തടിപ്പാലത്തെ തൂണിന്റെ പൈലിങ് ബലപ്പെടുത്താനാണ് തീരുമാനം. അറ്റകുറ്റപ്പണിയ്ക്കുളള ചെലവ് കരാറുകാരായ എല്‍ ആന്റ് ടി തന്നെ വഹിക്കും. സംസ്ഥാന ഖജനാവിനെ ബാധിക്കില്ല. പത്തടിപ്പാലത്തെ തൂണിന് ബലക്ഷയം കണ്ട സാഹചര്യത്തില്‍ മറ്റ് മെട്രോ തൂണുകളിലും വീണ്ടും വിശദമായ പരിശോധന നടത്തും. തുടങ്ങിയവയാണ് ബലക്ഷയത്തെപ്പറ്റി ജിയോ ടെക്‌നിക്കല്‍ പരിശോധന നടത്തിയശേഷം കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്റെ ആഭ്യന്തര റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍.