ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുകയല്ലാതെ സർക്കാരിന് മുന്നിൽ വേറെ വഴികളില്ലെന്ന് ഗവർണർ. പണിമുടക്കുകളിലും മറ്റും ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് മനസ്സിലാക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണെന്നും ഗവർണർ പറഞ്ഞു. ഭരണ സംവിധാനം തടസ്സപ്പെടുത്തി സമരം ചെയ്യാൻ ട്രേഡ് യൂണിയൻ നിയമത്തിലും വകുപ്പില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പണിമുടക്ക് മൂലം ജീവനക്കാർക്ക് ജോലിക്ക് ഹാജരാകാൻ ബുദ്ധിമുട്ടെങ്കിൽ അവർക്ക് വാഹനം ഏർപ്പാടാക്കി നൽകണമെന്നും കോടതി വിധിയിൽ നിർദേശിച്ചിട്ടുണ്ട്. ജീവനക്കാരുടെ പണിമുടക്ക് തടയാൻ കോടതിക്കാവില്ലെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ പറഞ്ഞു. അവകാശം സംരക്ഷിക്കാൻ ജീവനക്കാർക്ക് മേൽക്കോടതിയിൽ പോകാൻ അവകാശമുണ്ടെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി.