തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ ടി. വീണയുടെ സ്ഥാപനം സിഎംആർഎല്ലിനു നൽകിയ സേവനത്തിനു കിട്ടിയ തുകയുടെ ഐജിഎസ്ടി അടച്ചോയെന്ന ചോദ്യത്തിനു മറുപടി നൽകാതെ ജിഎസ്ടി വകുപ്പ്. സിഎംആർഎല്ലിൽനിന്നും വീണയുടെ സ്ഥാപനം എക്സാലോജിക് വാങ്ങിയ 1.72 കോടി രൂപയ്ക്കു ഐജിഎസ്ടി അടച്ചോ എന്നതായിരുന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യം. എന്നാൽ വ്യക്തികളുടെ സ്വകാര്യതയെ മാനിച്ചു മറുപടി നൽകാൻ കഴിയില്ലെന്നാണു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടി. വിവരാവകാശ നിയമത്തിലെ സെക്ഷൻ 8(1) (e) പ്രകാരം വ്യക്തികളുടെ സ്വകാര്യതയെ മാനിക്കുന്ന വിവരങ്ങൾ കൈമാറാനാകില്ലെന്നാണു ജിഎസ്ടി വകുപ്പ് പറയുന്നത്.
ജിഎസ്ടി വകുപ്പിന്റേതു വളരെ വിചിത്രമായ മറുപടിയാണെന്നായിരുന്നു മാത്യു കുഴൽനാടന്‍ എംഎൽഎയുടെ പ്രതികരണം. സർക്കാരിന് ലഭിക്കേണ്ട ടാക്സ് കിട്ടിയോ എന്ന ചോദ്യത്തിനു മറുപടി നൽകില്ലെന്നു പറയുമ്പോൾ അത് ഒളിച്ചോട്ടമാണ്. ജിഎസ്ടി ഇടപാടുമായി ബന്ധപ്പെട്ട് ആദ്യം ചോദ്യമുന്നയിച്ചപ്പോൾ, രേഖകൾ പിറ്റേദിവസം തന്നെ ഹാജരാക്കുമെന്ന് എ.കെ.ബാലന‍് പറഞ്ഞെങ്കിലും അത് ചെയ്തില്ലെന്നും മാത്യു കുഴൽനാടൻ ഓർമ്മിപ്പിച്ചു.
വീണയ്ക്കു സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയിൽനിന്ന് 3 വർഷത്തിനിടെ ലഭിച്ചത് 1.72 കോടി രൂപയാണ്. വീണയും വീണയുടെ സ്ഥാപനമായ എക്സാലോജിക് സൊല്യൂഷ്യൻസും ഐടി, മാർക്കറ്റിങ് കൺസൽറ്റൻസി, സോഫ്റ്റ്‌വെയർ േസവനങ്ങൾ നൽകാമെന്നു സിഎംആർഎലുമായി കരാറുണ്ടാക്കിയിരുന്നു. സേവനങ്ങളൊന്നും നൽകിയില്ലെന്നും കരാർപ്രകാരം മാസം തോറും പണം നൽകിയെന്നും സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ ആദായനികുതി വകുപ്പിനു മൊഴി നൽകിയിരുന്നു.